മലപ്പുറം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. ജില്ലയിൽ 36,15,970 വോട്ടർമാരാണുള്ളത്. ഇതിൽ 18,10,627 പേർ പുരുഷൻമാരും 18,05,303 സ്ത്രീകളും 40 ട്രാൻസ്ജൻഡർ വോട്ടർമാരുമാണുള്ളത്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട സമ്മതിദായകരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിപ്പോൾ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 32,38,452 ആയിരുന്നു. ഇതിൽ 16,35,245 പുരുഷൻമാരും 16,03,165 സ്ത്രീകളും 42 ട്രാൻസ്ജൻഡർ വോട്ടർമാരും ആയിരുന്നു. അന്തിമ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കരട് പട്ടിക പ്രകാരം 8,755 പേരായിരുന്നു പ്രവാസി വോട്ടർമാർ. അന്തിമ പട്ടികയിൽ ഇത് 39,501 ആണ്. 18നും19നും ഇടയിലുള്ള വോട്ടർമാർ കരട് പട്ടികയിൽ 6,281 ആയിരുന്നു. അന്തിമ പട്ടികയിൽ ഇത് 1,07,290 ആയിട്ടുണ്ട്.
ജില്ലയിൽ ആകെ 3,682 പോളിംഗ് സ്റ്റേഷനാണുള്ളത്. കഴിഞ്ഞ തവണ 2.898 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. 2,605 പേരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ 304 പേർ മരണപ്പെട്ടവരും 12 പേർ മറ്റു രാഷ്ട്രങ്ങളിൽ പൗരത്വം നേടിയവരുമാണ്. ബാക്കിയുള്ളവർ മറ്റു മണ്ഡലങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടവരോ താമസം മാറിയവരോ ആയ ആളുകളാണ്.
കൂടുതൽ വോട്ടർമാർ തിരൂരിൽ
ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തിരൂർ മണ്ഡലത്തിലാണ്. 2,52,575 വോട്ടർമാരാണ് തിരൂരിലുള്ളത്. 1,99,217 വോട്ടർമാരുള്ള ഏറനാടാണ് ഏറ്റവും കുറവ് പേരുള്ളത്. അന്തിമ വോട്ടർ പട്ടിക, സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റായ ceo.kerala.gov.inൽ പരിശോധിക്കാം. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ കാര്യാലയത്തിലും, ബന്ധപ്പെട്ട ബി.എൽ.ഒ, വില്ലേജ് ഓഫീസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും, പകർപ്പുകൾ ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസിൽ നിന്നും പട്ടികയുടെ പകർപ്പ് ലഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |