നിലമ്പൂർ: ആഢ്യൻപാറയിൽ ജില്ലാ ടൂറിസം വകുപ്പിന്റെ ഓഫീസ് കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. സീലിംഗ് പൂർണ്ണമായും അടർന്നു വീണിട്ടുണ്ട്. തറയും ചുമരുകളും വീണ്ടുകീറുകയും ജനൽ, വാതിൽ കട്ടിലുകൾ അടർന്നുപോവുകയും ചെയ്തിട്ടുണ്ട്. ഇതോടെ കടുത്ത ഭീതിയിലാണ് ജീവനക്കാർ ഇവിടെ കഴിയുന്നത്. 2012 ഒക്ടോബറിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് കെട്ടിടം ശോചനീയാവസ്ഥയിലാവാൻ കാരണം. കുടുംബശ്രീയുടെ പത്ത് ജീവനക്കാരും നാല് ലൈഫ് ഗാർഡുകളും നാല് സെക്യൂരിറ്റി ജീവനക്കാരും ഡി.ടി.പി.സിയുടെ ഒരു സ്റ്റാഫുമടക്കം 19 പേരാണ് ടൂറിസം കേന്ദ്രത്തിൽ ജോലി ചെയ്യുന്നത്.
നവീകരണം തീരെയില്ലാത്ത ആഢ്യൻപാറ ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരികളുടെ വരവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വേനലിലേക്ക് പ്രവേശിച്ചതും വൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ട് വെള്ളച്ചാട്ടത്തിന് മുകളിലുള്ള ഡാമിൽ വെള്ളം കെട്ടിനിറുത്തുന്നതും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഢ്യൻപാറ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ കാണാനെത്തുന്നവർ നിരാശയോടെ മടങ്ങുന്ന സ്ഥിതിയാണ്. പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് ആഢ്യൻപാറയെ ആകർഷകമാക്കമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ ഇത് അവഗണിക്കുകയാണ്. വിനോദസഞ്ചാരികൾ കൂടുതലായും എത്തുന്ന വൈകുന്നേരങ്ങളിൽ ഫ്ലഡ് ലൈറ്റ് സംവിധാനം ഏർപ്പെടുത്തി സന്ദർശന സമയം രാത്രി എട്ട് മണി വരെ നീട്ടണമെന്ന ആവശ്യം പഞ്ചായത്തും നാട്ടുകാരും വർഷങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. നിലവിൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവേശന സമയമായി അനുവദിച്ചിട്ടുള്ളത്. വിനോദസഞ്ചാര കേന്ദ്രത്തിൽ പത്തു രൂപയായിരുന്നു പ്രവേശന ഫീസ് 20 രൂപയാക്കി വർദ്ധിപ്പിച്ചു എന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ പോലും മെച്ചപ്പെടുത്തിയിട്ടില്ല.
നല്ലൊരു ബാത്ത്റൂമില്ല
ഡി.ടി.പി.സി മന്ദിരത്തിന് ആറ് ബാത്ത് റൂമുകൾ ഉണ്ടെങ്കിലും ഇവയിൽ ഒരെണ്ണം പോലും പ്രവർത്തിക്കുന്നില്ല. വർഷങ്ങളായി കേടായി കിടക്കുന്ന ബാത്ത് റൂമുകൾ അതേ രൂപത്തിൽ തുടരുകയാണ്. ഡി.ടി. പി. സി മന്ദിരത്തിന് മുൻഭാഗത്തുള്ള ഹെവി ഇലക്ട്രിക് പോസ്റ്റിന്റെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞ് നിലംപൊത്തിയിട്ട് മൂന്നുവർഷം കഴിഞ്ഞു. കുടുംബശ്രീ മിഷന്റെ കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അരലക്ഷം രൂപ വരെ ശമ്പള കുടിശ്ശിക ഇനത്തിൽ നൽകാനുണ്ട്. ഈ ആവശ്യം ഉന്നയിച്ച് വർഷങ്ങളായി വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് ജീവനക്കാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |