
വിഴിഞ്ഞം: വിഴിഞ്ഞത്തെ സമുദ്ര - വ്യാവസായിക വളർച്ചയ്‌ക്ക് കുതിപ്പേകാൻ 2000 കോടി രൂപയുടെ ലോജിസ്റ്റിക്‌സ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഐ.ഒ.സി.എൽ, കോൺകോർ, സി.ഡബ്ലിയു.സി എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് കരാറൊപ്പിട്ടു.
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ വിസിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. മന്ത്രി വി.എൻ. വാസവൻ, വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, വിസിൽ എം.ഡി ഡോ. ദിവ്യ എസ്. അയ്യർ എന്നിവരും പങ്കെടുത്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മൂന്ന് കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുമായി ചേർന്നാണ് 2000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കുന്നത്.
ഇന്ധന സുരക്ഷയ്ക്ക് ഐ.ഒ.സി.എൽ
വിഴിഞ്ഞത്തെത്തുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാൻ കേന്ദ്ര കമ്പനിയായ ഐ.ഒ.സി.എൽ വൻകിട ബങ്കറിംഗ് സംവിധാനമൊരുക്കും. ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ഇന്ധന ഹബ്ബായി വിഴിഞ്ഞം മാറും. ചെലവ് 700 കോടി.
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കോൺകോർ റെയിൽ വഴി ചരക്ക് സുരക്ഷിതമായി രാജ്യമെമ്പാടും എത്തിക്കാനുള്ള കണ്ടെയ്‌നർ ഡിപ്പോകളും ചരക്ക് നീക്ക സംവിധാനങ്ങളും വികസിപ്പിക്കും. ചെലവ് 600 കോടി. അത്യാധുനിക മൾട്ടി-മോഡൽ ലോജിസ്റ്റിക്‌സ് പാർക്കിനും ഗോഡൗണുകൾക്കുമായി കേന്ദ്ര വെയർഹൗസിംഗ് കോർപ്പറേഷൻ 700 കോടി രൂപ മുതൽ മുടക്കും. സർക്കാരിന് സാമ്പത്തിക ബാധ്യതകളില്ലാതെ നിർമ്മിക്കുന്ന പാർക്കിൽ കോൾഡ് സ്റ്റോറേജുകളും കയറ്റുമതി അനുബന്ധ യൂണിറ്റുകളും സജീകരിക്കും. ചെലവ് 700 കോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |