
പാറശാല: പാറശാല താലൂക്ക് ആശുപത്രിൽ ദിവസേന ചികിത്സതേടിയെത്തുന്ന ആയിരക്കണക്കിന് രോഗികൾ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുമ്പോൾ ആശുപത്രിക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുകയാണ് പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് സമുച്ചയം. പൊതു ഖജനാവിൽ നിന്നുള്ള 50 കോടിയോളം രൂപ ചെലവഴിച്ചാണ് ആശുപത്രി കോമ്പൗണ്ടിലെ പുതിയ മന്ദിരം നിർമ്മിച്ചത്. പണിപൂർത്തിയാക്കി 2025ജനുവരി 1ന് തുറന്ന് പ്രവർത്തിപ്പിക്കുമെന്നുപറഞ്ഞ മന്ദിരസമുച്ചയം കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ലക്ഷ്യമായി 2025ഒക്ടോബറിൽ ഉദ്‌ഘാടനം ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ അനുബന്ധ സജ്ജീകരണങ്ങളോ ഒരുക്കാതെ അടച്ചുപൂട്ടിയ നിലയിലാണ്.
വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ആശുപത്രിയുടെ ദൈനംദിന ഭരണ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന പാറശാല ബ്ലോക്ക് പഞ്ചായത്തിന് കൈമാറാനും കഴിയാത്ത അവസ്ഥയാണ്. പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ദിവസേന 40പേർക്ക് ഡയാലിസിസ് ചെയ്യാനാകുമെന്നാണ് പറഞ്ഞിരുന്നത്.
പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ബഹുനില മന്ദിരം തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വൈദ്യുതിയില്ല
വിവിധ ഒ.പികളും അത്യാഹിത വിഭാഗവും പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് അവിടെ പുതുതായി 4നിലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തിയെന്നല്ലാതെ വൈദ്യുതി പോലുമില്ല. സ്ഥലപരിമിതികൾമൂലം വാർഡുകൾ പുനഃക്രമീകരിച്ചിട്ടും ഒ.പിയുടെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവർത്തനങ്ങൾ താളം തെറ്റുന്ന നിലയിലാണ്.
പുതിയ മന്ദിരത്തിൽ
പുതിയ മന്ദിരത്തിന്റെ മൂന്ന് നിലകളിലായി 7സ്പെഷ്യാലിറ്റി ഒ.പികൾ, അത്യാഹിതവിഭാഗം, ട്രോമകെയർ, അത്യാധുനിക സംവിധാങ്ങളോടുകൂടിയ 4ഓപ്പറേഷൻ തിയേറ്ററുകൾ, വിവിധ സ്കാനിംഗ് സംവിധാങ്ങൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകൾ, ഡയാലിസിസ് ബ്ലോക്ക്,ബ്ലോക്ക് 20ഒ.പി റൂമുകൾ, ഒബ്‌സർവേഷൻ വാർഡിൽ ഉൾപ്പെടെ 24ബെഡുകൾ, 21ഐ.സി ബെഡുകൾ, മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, അത്യാധുനിക അഗ്നിസുരക്ഷാസംവിധാനം, എലിവേറ്റർ, ലിഫ്റ്റ്, അപായസൂചന സംവിധാനം, മെഡിക്കൽ ഗ്യാസ് പ്ലാന്റ്, ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കുമെന്നു പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |