
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ സ്ലാട്ടർ ഹൗസ് നവീകരണം ഉദ്ഘാടനത്തിലൊതുങ്ങിയിട്ട് ഒരു വർഷം. കച്ചേരി ജംഗ്ഷനു സമീപം മാർക്കറ്റിനുള്ളിലെ പഴയ സ്ലാട്ടർ ഹൗസിലാണ് നഗരസഭയുടെ നേതൃത്വത്തിൽ നവീകരണം ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് 3ന് മന്ത്രി എം.ബി.രാജേഷ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും തുടർപ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. അന്തർദേശീയ നിലവാരമുള്ള അത്യാധുനിക യന്ത്രസാമഗ്രികൾ ഉൾപ്പെടുത്തിയുള്ള നവീകരണമാണ് നിലച്ചിരിക്കുന്നത്. കശാപ്പ് മുതൽ പായ്ക്കിംഗ് വരെ പൂർണമായും യന്ത്രവത്കൃതമായതിനാൽ സ്ലാട്ടർ ഹൗസിൽ പൂർണ ശുചിത്വം ഉറപ്പാക്കാൻ കഴിയും. ഡോക്ടറുടെ സേവനം മുഴുവൻ സമയവും ലഭ്യമാവുകയും, കശാപ്പിന് കൊണ്ടുവരുന്ന അറവുമാടുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും രോഗം വന്നതോ,ചത്തതോ ആയവയെ ഒഴിവാക്കാനും കഴിയും. സമീപമേഖലയിൽ നിന്നുള്ള അറവുമാടുകളെ കശാപ്പ് ചെയ്യുന്നതുവഴി കൂടുതൽ വരുമാനവും നേടാനാകും. എന്നാൽ വിവിധ കാരണങ്ങളാൽ നവീകരണം ഉദ്ഘാടനത്തിൽ മാത്രമൊതുക്കിയിരിക്കുകയാണ് അധികൃതർ. എത്രയും വേഗം നവീകരണം പുനഃരാരംഭിക്കണമെന്നാണ് മാർക്കറ്റിലെത്തുന്നവരുടെ ആവശ്യം.
നവീകരണത്തിനുള്ള ഫണ്ട് - കിഫ്ബിയിൽ നിന്ന് 6.13 കോടി രൂപ
നിർമ്മാണം പൂർത്തിയാകുമ്പോൾ മോഡേൺ മെക്കനൈസ്ഡ് സ്ലാട്ടർ ഹൗസായി ഇവിടം മാറും
പ്രവർത്തനം
കശാപ്പിനുള്ള മൃഗത്തെ സ്ലാട്ടർ ഹൗസിന്റെ പ്രവേശന കവാടത്തിലൂടെ കയറ്റി ലോക്ക് ചെയ്യുകയെന്നതാണ് ജീവനക്കാരുടെ ജോലി. കശാപ്പ്,തോൽ ഉരിയൽ,മാംസത്തിൽ നിന്ന് എല്ല് നീക്കം ചെയ്യൽ,ഇറച്ചി മുറിച്ച് ചെറുകഷണങ്ങളാക്കി ഗുണമേന്മയുള്ള പായ്ക്കറ്റുകളിലാക്കുന്നത് തുടങ്ങിയവയെല്ലാം യന്ത്രസഹായത്തോടെയാണ്. തുടർന്ന് പായ്ക്കറ്റുകളിലാക്കിയ ഇറച്ചി ഔട്ട്ലെറ്റുകൾ വഴി ആവശ്യക്കാരിലെത്തിക്കും.
നടത്തിപ്പ് ചുമതല
10 വർഷത്തേക്ക് ഇംപാക്ട് കേരളയ്ക്കാണ് നടത്തിപ്പ് ചുമതല. പദ്ധതിയുടെ നിർവഹണത്തിന് തുക നൽകുന്നത് കിഫ്ബിയുടെ ലോണാണ്. ഔട്ട്ലെറ്റ് വഴിയുള്ള വില്പനയിൽ ലഭിക്കുന്ന തുകയാണ് തിരിച്ചടവിന് വിനിയോഗിക്കുന്നത്.
ആറ്റിങ്ങലിലെ സ്ലാട്ടർ ഹൗസ് നവീകരണം അടിയന്തരമായി പൂർത്തിയാക്കി പദ്ധതി യാഥാർത്ഥ്യമാക്കണം.
രഘുറാം, പ്രസിഡന്റ്, കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |