വികസനം ചർച്ചയാവാതെ വിവാദങ്ങൾ ചർച്ചയാക്കാനാണ് കേരളത്തിൽ പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതാക്കൾ ശ്രദ്ധ നൽകുന്നത്. യൂണിവേഴ്സിറ്റികളിൽ മാർക്ക് ദാനം വിവാദമായപ്പോൾ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.ടി ജലീലിനെതിരെ പ്രതിപക്ഷ നേതാവ് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ തന്റെ നില പരുങ്ങലിലായതോടെ പ്രതിപക്ഷ നേതാവിന്റെ മകനെതിരെ തിരിച്ചും ആരോപണമുന്നയിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിതിന് അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകാൻ പിതാവ് ഇടപെട്ടു എന്ന ആരോപണമാണ് മന്ത്രി ഉയർത്തിയിരിക്കുന്നത്. എന്നാൽ ഇതിനെ ഖണ്ഡിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജെ.എസ്. അടൂർ. ഒരിക്കൽ യു. പി.എസ്.സി ഇന്റർവ്യൂ ബോഡിൽ ഉണ്ടായിരുന്ന അദ്ദേഹം വഴിവിട്ട രീതിയിൽ ഉദ്യോഗാർത്ഥികളെ സഹായിക്കാനാവില്ലെന്ന് തീർച്ചപ്പെടുത്തുന്നു. അത്തരത്തിലുള്ള സംവിധാനങ്ങളാണ് അഭിമുഖ പരീക്ഷയ്ക്കായി യു.പി.എസ്.സി സ്വീകരിക്കുന്നത്. ആരെയാണ് ഇന്റർവ്യൂ ചെയ്യ്യുവാൻ പോകുന്നത് എന്ന് ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് പോലും മുൻകൂട്ടി അറിയാൻ സാധിക്കില്ല. ഏതാനം മിനിട്ടിന് മുമ്പ് മാത്രമേ അറിയൂ ഇക്കാര്യങ്ങൾ, മൊബൈൽ ഫോൺ പോലും ഓഫ് ചെയ്തു മാറ്റി വയ്ക്കണം. ആ പാനലിൽ വേറെ ആരൊക്കെ എന്ന് അപ്പോൾ ആണ് അറിയുന്നത്. പല പാനലുകൾ അഭിമുഖം നടത്താനായി കാണുമെന്നും അദ്ദേഹം വിവരിക്കുന്നു.
രമേശ് ചെന്നിത്തലുടേത് പോലെ അച്ഛൻമാരുടെ രാഷ്ട്രീയം കാരണം അപമാനിക്കപ്പെടുന്ന കുട്ടികൾ ഇനിയും കേരളത്തിലുണ്ടെന്നും അദ്ദേഹം കുറിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനുമായുള്ള അനുഭവമാണ് പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ചാണ്ടി ഉമ്മൻ അറിയപ്പെടുന്ന ഒരു യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ചറുമാണ്. നാലു പോസ്റ്റ് ഗ്രാഡുവേഷൻ, എൽ. എൽ. എം, എം എ. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കോണോമിക്സിൽ പ്രത്യേക പരിശീലനം എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ചാണ്ടി ഉമ്മന് ഒരു നിർബന്ധം മാത്രമാണുള്ളത് ഒരു നേട്ടത്തിനുവേണ്ടി സ്വന്തം പിതാവിന്റെ പേരോ, സ്ഥാനമോ ഉപയോഗിക്കില്ല. ഒരിയ്ക്കൽ ഒരു പ്രമുഖ യുണിവേഴ്സിറ്റിയിൽ ചേരുവാൻ അയാളോട് താൻ ഉപദേശിച്ചെന്നും എന്നാൽ അതിന് മറുപടിയായി അതു അപ്പക്ക് പഴിയാകും എന്ന മറുപടിയാണ് ലഭിച്ചതെന്നും ജെ.എസ്. അടൂർ കുറിക്കുന്നു. കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും വിവരവും ഉള്ള റെമിത്തും ചാണ്ടി ഉമ്മനും ഒക്കെ അവരുടെ അച്ഛൻമാരുടെ രാഷ്ട്രീയം കാരണം അപമാനിക്കപ്പെടുന്നത് കഷ്ട്മാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജെ.എസ്. അടൂർ എഴുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |