
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഉൾനാടൻ ജലടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ മുന്നിൽക്കണ്ട് മീരാൻകടവ് പാലത്തിന് താഴെ ബോട്ട്ജെട്ടി,വെൽനസ് ക്ലബ്കോഫി ഷോപ്പ്,വിശ്രമകേന്ദ്രം,ശൗചാലയം,കുട്ടികൾക്കുള്ള പാർക്ക്,തെരുവ്‌വിളക്കുകൾ സ്ഥാപിക്കൽ,സൗന്ദര്യവൽക്കരണം,റോഡ് പുനരുദ്ധാരണം,പാലത്തിന്റെ തൂണുകളിൽ ചുവർ ചിത്രങ്ങൾ,കായലിന് സാമാന്തരമായി കമ്പിവേലി,കായൽ സൗന്ദര്യം വീക്ഷിക്കുന്നതിനായി കൽബെഞ്ചുകൾ എന്നിവ ഒരുങ്ങുന്നു. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ വകുപ്പിന്റെ ധനസഹായത്താൽ നടപ്പാക്കുന്ന പദ്ധതിക്ക് 15826037 രൂപയാണ് അടങ്കൽത്തുകയായി അനുവദിച്ചിട്ടുള്ളത്.അഞ്ചുതെങ്ങ്- കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിന് താഴെയായി അഞ്ചുതെങ്ങ് പഞ്ചായത്ത് പരിധിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ചിറയിൻകീഴ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. മീരാൻകടവിൽ നിന്ന് മുതലപ്പൊഴിയിലേക്കും പൊന്നുംതുരുത്തിലേക്കുമുള്ള ബോട്ട് സർവീസുകളും പദ്ധതിയിലുണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ് ചിറയിൻകീഴ് എം.എൽ.എ വി.ശശിയുടെ ശ്രമഫലത്തിൽ നടപ്പാകുന്നത്. പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 26ന് രാവിലെ 8ന് എം.എൽ.എ വി.ശശി നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |