
പാലക്കാട്: മലമ്പുഴ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന് മണ്ഡലം അവലോകന യോഗം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ് ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാവുമെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്.
മലമ്പുഴയിൽ നിന്നുള്ള ഡി.സി.സി ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. സുരേഷിനെ യു.ഡി.എഫ് മത്സരിപ്പിക്കുന്നത് കോൺഗ്രസ് വോട്ടുകൾ ചോരാനിടയാക്കുമെന്നും ഇടതുപക്ഷത്തു നിന്ന് വോട്ടു ലഭിക്കുമെന്ന വിലയിരുത്തൽ ശരിയല്ലെന്നും പ്രതിനിധികൾ പറഞ്ഞു. സുരേഷിനെ മത്സരിപ്പിക്കുന്നത് ഫലത്തിൽ ബി.ജെ.പിക്കാവും നേട്ടമാവുക. 2016, 2021 തിരഞ്ഞെടുപ്പുകളിൽ മലമ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. മണ്ഡലത്തിൽ യു.ഡി.എഫ് സംവിധാനം ശക്തമല്ലെന്നും ഭാരവാഹികൾ എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്.
വി.എസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം സുരേഷിനെ സമീപിച്ചിരുന്നു. സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള മലമ്പുഴയിൽ സുരേഷ് മത്സരിച്ചാൽ വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. സുരേഷിനെ മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് പാലക്കാട് ഡി.സി.സി വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ കോൺഗ്രസിന്റെ പൊതു പരിപാടികളിലും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യിലും സുരേഷ് പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |