
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ മരാമത്ത് ഓടവഴി വീടുകളിലെ ഡ്രെയിനേജ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ നടപടിയെടുക്കാതെ അധികൃതർ. ബാലരാമപുരം രണ്ടാം വാർഡിൽ തേമ്പാമുട്ടം ജംഗ്ഷന് സമീപം മരാമത്ത് ഓടയിലാണ് ഡ്രെയിനേജ് മാലിന്യം ഒഴുക്കിവിടുന്നത്. വിസർജ്ജ്യപദാർത്ഥങ്ങൾ,പ്ലാസ്റ്റിക്ക്,രാസവസ്തുക്കൾ,ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെ ഓടയിൽ കെട്ടിനിന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയാണ്.മാലിന്യം സംസ്കരിക്കാത്ത വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ,ഭക്ഷണശാലകൾ പഞ്ചായത്ത് ലൈസൻസ് ലഭിച്ചിട്ടുള്ള ഒട്ടനവധി ബിൽഡിംഗുകൾക്കെതിരെ കോർപ്പറേഷൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നുണ്ടെങ്കിലും പഞ്ചായത്തുകളിൽ ചില തത്പരകക്ഷികളുടെ സ്വാധീനത്തിൽ നടപടിയുണ്ടാകാറില്ല.തേമ്പാമുട്ടം ജംഗ്ഷനിൽ സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഓടയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ താക്കീത് നൽകിയിരുന്നു.
ഭക്ഷണശാലകളിലെയും ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെയും ഡ്രെയിനേജ് ടാപ്പിലൂടെ ഓടയിലേക്ക് ഒഴുകുന്ന കക്കൂസ് മാലിന്യമുൾപ്പെടെ തടയിടാൻ ബാലരാമപുരം പഞ്ചായത്തിൽ ആരോഗ്യഎൻഫോഴ്സ്മെന്റ് സംവിധാനം കാര്യക്ഷമമാകേണ്ടതുണ്ട്.
ഓടകൾ മലിനമാകുന്നു,
നടപടിയെടുക്കാതെ പഞ്ചായത്ത്
ബാലരാമപുരം ജംഗ്ഷൻ കേന്ദ്രീകരിച്ചും വിവിധ വാർഡുകളിൽ പ്രധാനറോഡുകളോട് ചേർന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഓടകൾ നവീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ബാലരാമപുരം കാട്ടാക്കട റോഡിൽ മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഓടനവീകരണം സാദ്ധ്യമാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം കൈക്കൊണ്ട് മരാമത്തിന് സെക്രട്ടറി മുഖേന കത്ത് കൈമാറുകയാണ് പതിവ്. കഴിഞ്ഞ ഒരു വർഷമായി പഞ്ചായത്തിന്റെ ഭാഗത്ത് യാതൊരുവിധ നടപടിയുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് വികസനം ചൂണ്ടിക്കാട്ടി മരാമത്ത് ഓടകൾ വൃത്തിയാക്കുവാൻ മരാമത്ത് അധികൃതരും രംഗത്ത് വരുന്നില്ലെന്നാണ് പരാതി.
പ്രശ്നങ്ങൾ
ജലസ്രോതസുകൾ മലിനമാകുന്നു
രോഗങ്ങൾ പടരുന്നു
പരിസരമലിനീകരണം ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും
വെല്ലുവിളിയാകുന്നു
തേമ്പാമുട്ടത്ത് ഓടയിലൂടെ ഒഴുകുന്ന വെള്ളം തലയൽ തോടിലേക്കും കാറാത്തല പുത്രക്കാട് ഭാഗത്ത് ഓടവഴി കൃഷിഭൂമിയിലേക്കാണ് പതിക്കുന്നത്. വേനൽച്ചൂട് ശക്തിയാർജ്ജിച്ചതോടെ ഗാർഗികാവശ്യങ്ങൾക്ക് പോലും ചില സാഹചര്യങ്ങളിൽ തോടിലൂടെ ഒഴുകുന്ന വെള്ളം ഉപയോഗിക്കുന്നുണ്ട്. വെല്ലുവിളിയാകുന്ന തരത്തിലാണ് ഡ്രെയിനേജ് ടാപ്പുകൾ ഓടവഴി കണക്ട് ചെയ്തിരിക്കുന്നത്.
തേമ്പാമുട്ടം ഭാഗത്ത് പൊതുമരാമത്ത് ഓടയിലൂടെ മാലിന്യം ഒഴുക്കിവിടുന്നത് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വീടുകളിൽ ഡ്രെയിനേജ് കുഴികളെടുത്ത് ഖരമാലിന്യമുൾപ്പെടെ സംസ്കരിക്കാൻ നിർദ്ദേശം കൈമാറിയിട്ടുണ്ട്. വേഗത്തിൽ നടപടി സ്വീകരിക്കാനുള്ള നീക്കങ്ങളുണ്ടാകും.
ജിജി.എസ്.ടി, റസൽപുരം വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |