മലപ്പുറം: സമാധാനവും പരസ്പര സ്‌നേഹവും ബഹുമാനവും നിറഞ്ഞ ജില്ലയാണ് മലപ്പുറമെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും ഇന്നലെ പടിയിറങ്ങിയ ആര്‍. വിശ്വനാഥ്. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊലീസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടക്കുന്ന സമയത്താണ് ജില്ലയുടെ എസ്.പിയായി ചുമതലയേല്‍ക്കുന്നത്. പൊലീസിനകത്ത് തന്നെ പടലപ്പിണക്കങ്ങൾ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ഉണങ്ങിയിട്ടുണ്ട്. ഒരു ടീമായാണ് ജില്ലയിലെ പൊലിസ് സംവിധാനം ഇപ്പോള്‍ നീങ്ങുന്നത്. ജില്ലയില്‍ നല്ലൊരു പൊലിസ് സംവിധാനം തന്നെയുണ്ട്. അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരാണ് ജില്ലയിലേതെന്നും ആര്‍. വിശ്വനാഥ് പറഞ്ഞു.
ലഹരിക്കെതിരെ ശക്തമായ നടപടിയെടുത്തു. മറ്റ് കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ലഹരിക്കേസുകൾ ഇവിടെ കൂടുതലാണ്. കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ട്. പൊതുവേ സമാധാനപരമായ ജില്ലയാണ് മലപ്പുറം.
കൂടുതല്‍ പൊലിസ് സ്റ്റേഷനുകള്‍ വേണം
വലിയ ജില്ലയായ മലപ്പുറം പ്രവര്‍ത്തനം എളുപ്പമാകാന്‍ വിഭജിക്കണമോ എന്ന ചോദ്യത്തിന് പൊലീസ് സേന പ്രവര്‍ത്തിക്കുന്ന രീതിയനുസരിച്ച കൂടുതല്‍ പൊലീസ് സ്റ്റേഷനുകള്‍ വേണമെന്ന് വിശ്വനാഥ് പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ വികേന്ദ്രീകരിച്ച് നല്‍കാന്‍ ഇത് സഹായിക്കും. ജനസംഖ്യ കൂടുതലുള്ള ജില്ല എന്ന നിലയില്‍ കൂടുതല്‍ പൊലീസ് സ്റ്റേഷനുകളും സേനയും വേണമെന്ന ആവശ്യം വകുപ്പ് തലത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
മലപ്പുറം പരിചയമുള്ള ജില്ല: ചൈത്ര തെരേസ ജോണ്‍
മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ടെന്നും മലപ്പുറം പരിചിതമാണെന്നും ജില്ലയുടെ പുതിയ എസ് പിയായി ചുമതലയേറ്റ ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. ജനങ്ങളുമായി കൂടുതല്‍ ഇടപെടാന്‍ അന്ന് കഴിഞ്ഞില്ലെങ്കിലും ഇവിടുത്തെ പൊലിസ് സേനയെക്കുറിച്ചും നന്നായി അറിയാമെന്നും കോഴിക്കോട് സ്വദേശിനിയായ എസ്.പി ചൈത്ര പറഞ്ഞു. നല്ലൊരു പൊലീസ് സംവിധാനം ഇവിടെയുണ്ട്. ഈ നല്ല സിസ്റ്റത്തിനകത്ത് നിന്ന് ജില്ലയിലെ പൊലീസ് സേനയെ നയിക്കുമെന്നും മലപ്പുറത്തിന്റെ ചുമതലയേറ്റെടുക്കുന്നത് വലിയ സന്തോഷത്തോടെയാണെന്നും പുതിയ എസ്.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |