ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി പൂയം നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി കൊടിയേറ്റും. ഒമ്പതാം ഉത്സവ ദിവസമായ മാർച്ച് എട്ടിന് രാത്രിയാണ് പള്ളിവേട്ട. മാർച്ച് 9 ന് രാത്രി ഗുരുവായൂരപ്പന്റെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും. ഉത്സവ ദിനങ്ങളിൽ ഭക്തർക്ക് ദർശനത്തിനും പ്രസാദ ഊട്ട്, പകർച്ച നൽകാനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിൽ കലാകാരന്മാർ അവതരിപ്പിക്കുന്ന വിശേഷാൽ കലാപരിപാടികളും വാദ്യ വിശേഷങ്ങളും ഇത്തവണ പൊലിമയേറ്റും. ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ആനയോട്ടം ഉത്സവം ഒന്നാം ദിനമായ ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ബാലു, കൃഷ്ണനാരായണൻ, രവികൃഷ്ണൻ എന്നീ മൂന്ന് ആനകൾ ആനയോട്ട ചടങ്ങിന്റെ മുൻ നിരയിൽ അണിനിരക്കും. ഗോപീകൃഷ്ണൻ, സിദ്ധാർത്ഥൻ എന്നീ ആനകൾ കരുതലാകും. ആനയോട്ട ചടങ്ങിൽ ഇന്ദ്രസെൻ, രവികൃഷ്ണൻ, കൃഷ്ണനാരായണൻ, ഗോപീകൃഷ്ണൻ, സിദ്ധാർത്ഥൻ, വലിയ വിഷ്ണു, ബാലു, ഗജേന്ദ്ര, അക്ഷയ് കൃഷ്ണൻ എന്നീ ദേവസ്വം കൊമ്പന്മാർ പങ്കെടുക്കും. ഇന്ന് രാത്രി കൊടിയേറ്റത്തിന് ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. തുടർന്ന് പുലരും വരെ മേജർസെറ്റ് കഥകളി എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതൽ ആറ് വരെയുള്ള സമയത്ത് കേരളത്തിന്റെ തനത് നാടൻ അനുഷ്ഠാന കലകൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള വേദിയിൽ അരങ്ങേറും. ഗോപിക നൃത്തം, പരുന്താട്ടം, വീരനാട്യം, കളരിപ്പയറ്റ്, കരകാട്ടം, കുമ്മാട്ടികളി, ബിഹു നൃത്തം തുടങ്ങിയവ അവതരിപ്പിക്കും. കൂടാതെ രുദ്ര തീർത്ഥത്തിന് സമീപം നന്ദനം, വൃന്ദാവനം എന്നീ വേദികളിൽ 1100ൽ അധികം തിരുവാതിരക്കളികൾ അരങ്ങേറും. കൂടാതെ കൈകൊട്ടിക്കളി, കോൽക്കളി എന്നിവയുണ്ടാകും. ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് മൂന്നിന് ചടങ്ങുകളിൽ മാറ്റം
ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ നാലാം ദിനമായ മാർച്ച് മൂന്നിന് ഉച്ചയ്ക്ക് ശേഷം ചന്ദ്രഗ്രഹണമായതിനാൽ വൈകിട്ട് ആറിന് ക്ഷേത്രനട അടയ്ക്കും. ഗ്രഹണ ശേഷം 7.15ന് നട തുറന്ന് ക്ഷേത്രത്തിലെ ചടങ്ങുകൾ ക്രമപ്രകാരം തുടരും. അന്നേ ദിവസം അന്താഴപ്പൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ ശീട്ടാക്കുന്നതല്ല. ഉച്ചയ്ക്ക് ശേഷമുള്ള പകർച്ച, രാത്രിയിലെ പ്രസാദ ഊട്ട് എന്നിവയും ഉണ്ടാകില്ല.
ഉത്സവ എസ്റ്റിമേറ്റ് 3.56 കോടി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവ ദിനങ്ങളിൽ ചടങ്ങുകൾക്കും പ്രസാദ ഊട്ട് കലാപരിപാടികൾ തുടങ്ങിയവയ്ക്കുമായി 3.56 കോടിയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.
ക്ഷേത്രച്ചടങ്ങുകൾക്ക് : 24 ലക്ഷം
കലാപരിപാടികൾ : 42 ലക്ഷം
വൈദ്യുതാലങ്കാരം : 1.5 ലക്ഷം
വാദ്യം : 25 ലക്ഷം
പ്രസാദ ഊട്ട്, പകർച്ച : 2.64 ലക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |