SignIn
Kerala Kaumudi Online
Thursday, 19 February 2026 1.55 AM IST

ബി.പി.സി.എൽ സ്വകാര്യവത്കരണം ഉപേക്ഷിക്കണം: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
privatisation-of-bpcl-

തിരുവനന്തപുരം: ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ലാഭകരമായി പ്രവർത്തിക്കുന്ന കമ്പനി പൊതുമേഖലയിൽ നിലനിറുത്തേണ്ടത് രാജ്യതാത്പര്യമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും ഒട്ടേറെ കരാർ ജോലിക്കാരെയും ഈ നീക്കം ദോഷകരമായി ബാധിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബി.പി.സി.എൽ നടത്തിയത്. ബി.പി.സി.എല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സർക്കാർ കൂടി മുൻകൈയെടുത്താണ്. റിഫൈനറിയിൽ കേരളത്തിന് 5 ശതമാനം ഓഹരിയുണ്ടായിരുന്നു. റിഫൈനറി ബി.പി.സി.എൽ ഏറ്റെടുത്തപ്പോൾ സംസ്ഥാനത്തിന്റെ ഓഹരി നിലനിറുത്തുകയും ബോർഡിൽ ഒരു ഡയറക്ടറെ ഉൾപ്പെടുത്തുകയും ചെയ്തു.

ബി.പി.സി.എൽ ഉത്പാദനശേഷി വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാനം സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നൽകി. 85 കോടി വരുന്ന വർക്ക് കോൺട്രാക്ട് നികുതി പൂർണമായി തിരിച്ചു നൽകാൻ സമ്മതിച്ചു. കമ്പനിയുടെ ശേഷി വർദ്ധിക്കുമ്പോൾ അധികമായി ലഭിക്കുന്ന വാറ്റ് വരുമാനം ദീർഘകാല വായ്പയായി കണക്കാക്കാനും സംസ്ഥാനം തയ്യാറായി. ഈ നിലയിൽ 1,500 കോടി രൂപയാണ് നൽകാൻ നിശ്ചയിച്ചത്.

ബി.പി.സി.എല്ലിന് സമീപം വൻകിട പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുകയാണ് സംസ്ഥാനം. ക്രൂഡ് ഓയിൽ സംസ്‌കരണം കഴിഞ്ഞ് ബാക്കി വരുന്ന പദാർത്ഥങ്ങളാണ് പാർക്കിൽ ഉത്പാദനത്തിന് ആവശ്യമായി വരുന്നത്. പെട്രോകെമിക്കൽ കോംപ്ലക്സ് വഴി 25,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സ്വകാര്യവത്കരണം പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

TAGS: PRIVATISATION OF BPCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY