
വലഞ്ഞ് വിദ്യാർത്ഥികൾ
മുടപുരം: ചിറയിൻകീഴ് നിന്ന് ചെമ്പഴന്തി എസ്.എൻ കോളേജ് വഴി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തലാക്കിയത് യാത്രക്കാരെ വലയ്ക്കുന്നു. ചിറയിൻകീഴിൽ നിന്ന് മുടപുരം,മുട്ടപ്പലം,മംഗലപുരം, പോത്തൻകോട്,ചെമ്പഴന്തി എസ്.എൻ കോളേജ് വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസും ചിറയിൻകീഴ് നിന്ന് അഴൂർ,പെരുങ്ങുഴി, മുരുക്കുംപുഴ,കഴക്കൂട്ടം,ശ്രീകാര്യം വഴി എസ്.എൻ കോളേജിലേക്കുള്ള ബസും നിറുത്തലാക്കിയതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബുദ്ധിമുട്ടനുഭവിക്കുന്നതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ബസുകൾ കൊവിഡ് സമയത്താണ് സർവീസ് നിറുത്തിയത്. ബസുകളുടെ സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
ആശ്രയം ഒരൊറ്റ ബസ്
നിലവിൽ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് ഒരൊറ്റ കോളേജ് ബസ് മാത്രമാണുള്ളത്. ചിറയിൻകീഴ്,മുടപുരം, മുട്ടപ്പലം,അഴൂർ,പെരുങ്ങുഴി,മുരുക്കുംപുഴ,കോളിച്ചിറ, തെക്കുംഭാഗം,ആനത്തലവട്ടം എന്നിവിടങ്ങളിലുള്ള നൂറോളം വിദ്യാർത്ഥികളാണ് ബസിനെ ആശ്രയിക്കുന്നത്. ചിറയിൻകീഴും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾ ബസിനായി ആറ്റിങ്ങലിൽ ചെല്ലണം. വൈകിട്ട് ചെമ്പഴന്തിയിൽ നിന്ന് ശ്രീകാര്യത്തേക്കും അവിടെനിന്ന് മറ്റൊരു ആറ്റിങ്ങൽ ബസിലോ ചിറയിൻകീഴ് ബസിലോ മാറി കയറുകയും വേണം. മുടപുരം, മുട്ടപ്പലം വഴിയുള്ള ബസാണ് തോന്നയ്ക്കൽ എ.ജെ കോളേജ്,അഴൂർ യു.ഐ.ടി കോളേജ് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്.
വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നിറുത്തലാക്കിയ ചെമ്പഴന്തി എസ്.എൻ കോളേജ് വഴിയുള്ള രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും പുനരാരംഭിക്കണം
--എച്ച്.അനീഷ്
മെമ്പർ, അഴൂർ ഗ്രാമ പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |