തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിനൊപ്പം നിൽക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വട്ടിയൂർക്കാവിൽ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷിന്റെ റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല സ്ത്രീ പ്രവേശന പ്രശ്നം ഇപ്പോഴും സുപ്രീം കോടതിയിലാണ്. കോടതിയിൽ നിന്ന് പ്രതികൂലവിധി ഉണ്ടായാൽ പോലും ബി.ജെ.പി വിശ്വാസ സംരക്ഷണം നടപ്പിലാക്കാനുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകും. കോടിയേരിയും പിണറായിയും വിശ്വാസി വേഷമിട്ടാണ് ഇപ്പോൾ നടക്കുന്നത്. പക്ഷേ ഇത് വ്യാജ വേഷമാണെന്ന് ജനങ്ങൾക്കറിയാം. കഴിഞ്ഞ മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് നേരെയുണ്ടായ നരനായാട്ട് അവർ മറന്നു കാണും. ജനങ്ങൾ മറന്നിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നൽകിയ തിരിച്ചടി ഉപതിരഞ്ഞെടുപ്പിലും വോട്ടർമാർ ആവർത്തിക്കുമെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |