
ആലുവ: മന്ത്രി കെ.ബി. ഗണേശ് കുമാർ 'ലോകചതിയൻ" ആണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൻ.എസ്.എസ് - എസ്.എൻ.ഡി.പി യോഗം ഐക്യ നീക്കത്തിന് പിന്നിൽ ചതിയുണ്ടെന്ന് ഗണേശ് കുമാർ ഒരു ചാനലിൽ നടത്തിയ പ്രസ്താവനയോട് ആലുവയിൽ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഗണേശ് കുമാറിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണ്. 'സ്വന്തം അച്ഛനെ ചതിച്ചു, സഹോദരിയെ ചതിച്ചു, അളിയനെ ചതിച്ചു. ഉമ്മൻ ചാണ്ടിയെ ചതിച്ചു. സിനിമാ നടി ട്രസ്റ്റിന് നൽകിയ തുക മുഴുവൻ അടിച്ചുമാറ്റി..." വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത്രയും സദാചാര ബോധമില്ലാത്തയാൾ, ചതിവ് മാത്രം ചെയ്യുന്നയാൾ വേറെയില്ല.
തനിക്ക് പദ്മഭൂഷൻ നൽകിയതിനെതിരായ പരാതിയിൽ പുരസ്കാരം നൽകാൻ തീരുമാനിച്ചവർ മറുപടി പറയും. എസ്.എൻ.ഡി.പി യോഗത്തെയും എസ്.എൻ ട്രസ്റ്റിനെയും 'സീറോയാക്കാൻ" നടക്കുന്ന ചില കുലംകുത്തികളാണ് കേസിന് പിന്നിൽ. പക്ഷെ ഒന്നും നടക്കില്ല. തനിക്കെതിരെ പൊലീസിലും കോടതിയിലും പരാതി നൽകുന്നുണ്ടെങ്കിലും ഒരു കേസിൽ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |