എന്തു കാര്യം ചെയ്താലും അതിലെല്ലാം ഒരു പുതുമ വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് യുവസംഗീത സംവിധായകൻ സൂരജ് എസ്. കുറുപ്പ്. സംഗീതം, അഭിനയം, മൃദംഗം, ഗായകൻ അങ്ങനെ പല വേഷത്തിലും സൂരജ് ഫിറ്റാണ്. പക്ഷേ സ്വപ്നം ഏതെന്ന് ചോദിച്ചാൽ സിനിമ എന്നു മാത്രമാണ് ഉത്തരം. സൂരജ് സംസാരിക്കുന്നു.
''പ്രതീക്ഷ മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ധൈര്യം. ഇത്രയൊക്കെ എത്താൻ കഴിഞ്ഞുവെന്ന് തിരിഞ്ഞുനോക്കുമ്പോൾ സന്തോഷം തോന്നും. സിനിമയെ സംബന്ധിച്ച് നമ്മൾ ചെയ്യുന്ന ഓരോ വർക്കും വിജയിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. അത് സിനിമയുടെ പ്രത്യേകതയാണ്. ""
ആ ഓട്ടം കഴിഞ്ഞു
സംഗീത സംവിധാനത്തിലേക്ക് എത്താൻ വൈകിയെന്നാണ് എനിക്ക് തോന്നുന്നത്. വള്ളീം തെറ്റീം പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം കുറിച്ചത്. പക്ഷേ അവിടേക്ക് എത്തുന്നതിന് കഷ്ടപ്പാടുകൾ ഒരുപാടുണ്ടായിട്ടുണ്ട്. ആദ്യ സിനിമ വരാൻ ഒരുപാട് വൈകി. കഴിഞ്ഞതിനെ ഓർത്ത് സന്തോഷവും വരാൻ പോകുന്നതിനെ ഓർത്ത് ടെൻഷനുമുണ്ട്. ഓരോ പുതിയ വർക്കും പ്രേക്ഷകർക്ക് ഇഷ്ടമാകുമോയെന്ന ചിന്ത ഓരോ നിമിഷവും മനസിലുണ്ട്. സംഗീത സംവിധാനത്തിലേക്ക് എത്തിയത് തീർത്തും യാദൃച്ഛികമായിട്ടാണ്. കോളേജിൽ പഠിക്കുന്ന സമയത്താണ് സംഗീതത്തിലേക്ക് തിരിയുന്നത്. സുഹൃത്തുക്കളുടെ പരസ്യ ചിത്രങ്ങൾക്ക് വേണ്ടിയായിരുന്നു തുടക്കം. എന്റെ സംവിധാന മോഹം അറിയാവുന്ന അവരാണ് പറഞ്ഞത് സംഗീത സംവിധാനത്തിൽ നിനക്ക് ഭാവിയുണ്ടെന്ന്. എന്തായാലും ആദ്യ സിനിമ സംഭവിക്കുന്നതു വരെ ഒരു ഓട്ടമായിരുന്നുവെന്ന് പറയാം.
അഭിനയം കൂടെയുണ്ട്
സഖാവ് സിനിമയിൽ നിവിൻ പോളിക്കൊപ്പം ഒരു വേഷം ചെയ്തിരുന്നു. അതും യാദൃച്ഛികമായി സംഭവിച്ചതാണ്. സത്യത്തിൽ ഞാൻ ചെയ്ത വേഷം മറ്റൊരു പ്രമുഖ നടൻ ചെയ്യാൻ ഇരുന്നതാണ്. പുള്ളിക്ക് എന്തോ അസൗകര്യം വന്ന് മറ്റൊരാളിനെ നോക്കുന്ന സമയത്ത് സിദ്ധാർത്ഥേട്ടനാണ് (സിദ്ധാർത്ഥ് ശിവ) എന്നെ വിളിച്ചത്. മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണെന്നും വിശ്വസിച്ച് ഏൽപ്പിക്കുകയാണെന്നുമായിരുന്നു അന്ന് സിദ്ധാർത്ഥേട്ടൻ പറഞ്ഞത്. സിനിമ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ലൂക്കയാണ് പിന്നീട് ചെയ്തത്. അതിലും ചെറുതാണെങ്കിലും നല്ലൊരു വേഷമായിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട കഥാപാത്രം. ലൂക്കയുടെ സംഗീതം ചെയ്തിരിക്കുന്നതും ഞാനാണ്. അഭിനയിക്കാൻ വേറെയും അവസരങ്ങൾ വന്നിരുന്നു. പക്ഷേ അതൊന്നും ചെയ്യാൻ എന്തോ മനസ് വന്നില്ല. ഭാവിയിൽ നല്ല വേഷം വന്നാൽ എന്തായാലും ചെയ്യും. കഥകളൊക്കെ ഇപ്പോഴും കേൾക്കുന്നുണ്ട്. പഠിക്കുന്ന സമയത്ത് സ്കൂളിലും കോളേജിലുമൊക്കെ നാടകങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അഭിനയം കൂടെയുള്ളതാണെന്ന് പറയാം.
അടയാളപ്പെടുത്തിയ സീതാകല്യാണം
ഒരുപാട് പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ടെങ്കിലും ഹൃദയത്തോട് ചേർക്കുന്നത് സോളോയിലെ 'സീതാകല്യാണം" എന്ന പാട്ടാണ്. സംവിധാനം ചെയ്ത പാട്ടിന് സ്വന്തം ശബ്ദം കൊടുക്കാനും കഴിഞ്ഞുവെന്നതാണ് അതിന്റെ പ്രത്യേകത. എല്ലാ പാട്ടുകളുടെയും ട്രാക്ക് ഞാൻ പാടാറുണ്ട്. അങ്ങനെയാണ് സീതാകല്യാണത്തിന്റെയും ട്രാക്ക് പാടിയത്. ആ വോയ്സ് പക്ഷേ സംവിധായകൻ ബിജോയിക്ക് ഇഷ്ടമായി. അങ്ങനെ അത് തന്നെ ഫൈനലാക്കുകയായിരുന്നു. കരിയർ ബ്രേക്കായത് ആ പാട്ടാണ്. മലയാളത്തിനേക്കാളും കൂടുതൽ അഭിനന്ദനങ്ങൾ കിട്ടിയത് തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമായിരുന്നു. പക്ഷേ അവിടെ പാട്ട് അറിയാം, കംപോസറിനെ അറിയില്ല എന്നതായിരുന്നു അവസ്ഥ. സ്വന്തം പേര് കിട്ടാൻ എനിക്ക് ലൂക്ക വരെ കാത്തിരിക്കേണ്ടി വന്നു. ലൂക്കയിലെ പാട്ടുകൾ വന്ന ശേഷമാണ് സൂരജ് എസ്. കുറുപ്പിനെ ആൾക്കാർ തിരഞ്ഞിറങ്ങിയത്. പലരും സീതാകല്യാണം ശ്രദ്ധിക്കുന്നതും അങ്ങനെയാണ്. സീതാകല്യാണത്തിന് മുമ്പും ശേഷവും ആയിട്ടാണ് എന്നെ ഞാൻ വിലയിരുത്തുന്നത്.
പരീക്ഷണങ്ങൾക്ക് പിന്നാലെ
സിനിമയിലേക്കുള്ള വരവ് ഒട്ടും എളുപ്പമായിരുന്നില്ല. വന്ന് കഴിഞ്ഞാൽ നിലനിൽപ്പും എളുപ്പമല്ല. ഗോഡ്ഫാദറില്ലാത്തത് വലിയ പ്രശ്നമാണ്. സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നോട്ടു പോകാം എന്നതാണ് ആത്മവിശ്വാസം. സിനിമാ ബാക്ക് ഗ്രൗണ്ടുള്ള കുടുംബത്തിൽ നിന്നല്ല എന്റെ വരവ്. അതുകൊണ്ട് തന്നെ ഒന്ന് എത്തിപ്പെടാൻ കുറച്ചധികം സമയമെടുത്തു. കോട്ടയം ചമ്പക്കരയിലാണ് ജനിച്ചത്. ഒരുപാട് കലാകാരന്മാരുടെ നാടാണ്. പക്ഷേ ആ നാട്ടിൽ നിന്നും സിനിമയിൽ അധികം പേർ വന്നിട്ടില്ല. ഇന്നിപ്പോൾ അവരെല്ലാം സൂരജ് ഞങ്ങളുടെ നാട്ടുകാരനാണെന്ന് പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. പരീക്ഷണങ്ങൾ കൊണ്ടു വരാൻ ഇഷ്ടമാണ്. തമിഴിലും ചെറിയൊരു ശ്രമം നടത്തി. വണ്ടി എന്നൊരു ചിത്രത്തിൽ നാല് ഗാനങ്ങൾ ചെയ്തു. മൈനയിലെ നായകൻ വിദ്ധാർഥായിരുന്നു വണ്ടിയിലെ നായകൻ. ഇനി റിലീസാകാനുള്ളത് ടൊവിനോ നായകനാകുന്ന കിലോ മീറ്റേഴ്സ് ആൻഡ് കിലോ മീറ്റേഴ്സാണ്. അടുത്ത മാസം ചിത്രം തീയേറ്ററുകളിലെത്തും.
സകലകലാവല്ലഭൻ
സംഗീത സംവിധാനത്തോടൊപ്പം പാട്ടും കൂടെയുണ്ട്. അത്യാവശ്യം പാടാറുണ്ട്. പാട്ട് പഠിപ്പിച്ചത് അമ്മയാണ്. പിന്നെ മൃദംഗവും കീ ബോർഡും പഠിച്ചിട്ടുണ്ട്. പാട്ടെഴുത്തും കൂടെയുണ്ട്. കുടുംബത്തിൽ എല്ലാവരും കലയുമായി അടുത്തു നിൽക്കുന്നവരാണ്. ഇതൊക്കെയാണെങ്കിലും സംഗീത സംവിധാനത്തോടാണ് കൂടുതൽ ഇഷ്ടം. ഇന്നത്തെ സൂരജിലേക്ക് എന്നെ എത്തിച്ചത് തീർച്ചയായും സംഗീതം തന്നെയാണ്. അഭിനന്ദനങ്ങളേക്കാൾ വിമർശനങ്ങൾ കേൾക്കുന്നതിലാണ് സന്തോഷം. എന്നെ കൂടുതൽ മെച്ചപ്പെടുത്താൻ വിമർശനങ്ങൾ സഹായിക്കും. അടുത്ത സുഹൃത്തുക്കളെല്ലാം മനസ് തുറന്ന് തെറ്റുകൾ ചൂണ്ടിക്കാണിക്കും. മുന്നോട്ടുള്ള വഴികളിൽ കൂട്ടായി കുടുംബവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |