
മലപ്പുറം: മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, വി.എസ്.അച്യുതാനന്ദന്റെ മുൻ പി.എ എ.സുരേഷ് പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ സന്ദർശിച്ചു. ഇന്നലെ രാവിലെ 11ഓടെ പാണക്കാട്ടെത്തിയ സുരേഷ് ഇവിടെ അൽപ്പസമയം ചെലവഴിച്ചു. അതിനു മുമ്പ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.
മലമ്പുഴയുമായി സുരേഷിന് പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്ന് സാദിഖലി തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. . സുരേഷിന്റെ സാന്നിദ്ധ്യം യു.ഡി.എഫിന് കരുത്തും ആവേശവും നൽകും. മലമ്പുഴയിലും തൊട്ടടുത്ത മണ്ഡലങ്ങളിലും അതിന്റെ അലയൊലികളുണ്ടാവുമെന്നും തങ്ങൾ പറഞ്ഞു.അനുഗ്രഹം തേടിയുള്ള വ്യക്തിപരമായ സന്ദർശനമാണെന്ന് എ.സുരേഷ് പറഞ്ഞു.. മലമ്പുഴയിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയും മൂന്നാം സ്ഥാനത്ത് യു.ഡി.എഫുമാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ തിന്മയുടെ രാഷ്ട്രീയത്തെ വെടിയാനും, നിലവിലെ ഭരണത്തിലെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്രതികരിക്കാനും കാത്തിരിക്കുകയാണ്. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് താനല്ല പറയേണ്ടത്. സ്ഥാനാർത്ഥിയാവുന്നത് ആലോചിക്കാമെന്ന് യു.ഡി.എഫ് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. വി.എസിന്റെ മകൻ മലമ്പുഴയിൽ സ്ഥാനാർത്ഥിയായാൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ,ഊഹാപോഹങ്ങളോട് പ്രതികരിക്കുന്നില്ലെന്നും പ്രഖ്യാപനം വരട്ടെ, അപ്പോൾ ആലോചിക്കാമെന്നും സുരേഷ് മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |