
തിരുവനന്തപുരം: യു.ഡി.എഫിന്റെ സീറ്റ് വിഭജന ചർച്ച രണ്ടു ദിവസത്തിനകം പൂർത്തിയാക്കാൻ നീക്കം. ആർ.എസ്.പിയുടെ മട്ടന്നൂർ സീറ്റ് വച്ചുമാറ്റവും കേരള കോൺഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറയ്ക്കലുമാണ് തർക്കത്തിൽ നിൽക്കുന്നത്. കഴിഞ്ഞ തവണ പത്തു സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിൽ (ജോസഫ്) നിന്ന് കുട്ടനാട്, ഇടുക്കി സീറ്റുകൾ വിട്ടുകിട്ടണമെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ജോസഫ് ഗ്രൂപ്പ് ഇതുവരെ വഴങ്ങിയിട്ടില്ല.
ഇന്ന് യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം തലസ്ഥാനത്തുണ്ടാവും. നാളെ പുതുയുഗ യാത്രയുടെ സമാപനമാണ്. അതിനുശേഷം ധാരണയിലെത്താമെന്ന പ്രതീക്ഷയാണ് നേതാക്കൾക്കുള്ളത്. മറ്റ് ഘടകകക്ഷികളുമായി ഏതാണ്ട് ധാരണയായിട്ടുണ്ട്. തിരുവനന്തപുരം സീറ്റിൽ സി.എം.പിയുടെ സി.പി. ജോൺ മത്സരിക്കാനാണ് സാദ്ധ്യത. ഫോർവേഡ് ബ്ളോക്കുമായും ഒരു ചർച്ച കൂടി ഉണ്ടാവും. ലീഗിന്റെ കാര്യത്തിൽ ധാരണയായി.
കോൺ. ആദ്യഘട്ട
പട്ടിക വൈകാതെ
ഇന്നലെ രാത്രി കോൺഗ്രസിന്റെ സംസ്ഥാന സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേർന്നു. 10ന് ഡൽഹിയിൽ എ.ഐ.സി.സി സെൻട്രൽ ഇലക്ഷൻ കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതോടെ കോൺഗ്രസിന്റെ 60 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കാനാണ് സാദ്ധ്യത. തിരുവനന്തപുരം ജില്ലയിൽ പിന്നാക്ക പ്രാതിനിദ്ധ്യം കുറവെന്ന പരാതി മാറ്റാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ജില്ലയിലെ മുതിർന്ന നേതാവും കെ.പി.സി.സി അംഗവുമായ ഡി.സുദർശനൻ, സി.പി.ഐയുമായി ഇടഞ്ഞ് കോൺഗ്രസിലെത്തിയ മീനാങ്കൽ കുമാർ എന്നിവരും ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചേക്കുമെന്ന് സൂചനയുണ്ട്. നെടുമങ്ങാട്, അരുവിക്കര, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിലാകും ഇവരെ പരിഗണിക്കുക എന്നാണ് അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |