
തൊടുപുഴ: എസ്.എസ്.എൽ.സിക്ക് ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്ന സ്കൂളിൽ ഏഴ് ഇരട്ടക്കുട്ടികൾ. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് സപ്തകൗതുകം. ഇതിൽ നാല് ആൺകുട്ടികളും 10 പെൺകുട്ടികളും. ആകെ 314 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.അതിൽ ഉൾപ്പെട്ട ഇവരിൽ ആറ് ഇരട്ടകളും അഞ്ചാം ക്ലാസുമുതൽ ഇതേ സ്കൂളിലാണ് പഠിച്ചത്. ജിയയും ജിയന്നയും ഏഴാം ക്ലാസുമുതലാണെത്തിയത്. പല ഡിവിഷനുകളിലായാണ് പഠനമെങ്കിലും ഉറ്റ സുഹൃത്തുക്കളുമാണിവരെല്ലാം.
അമയപ്ര പുല്ലോപ്പള്ളിൽ ബിജു- രശ്മി ദമ്പതികളുടെ മക്കളായ ഗോകുൽകൃഷ്ണ ബിജു, ഗൗതംകൃഷ്ണ ബിജു, തൊമ്മൻകുത്ത് കാരുവേലിൽ ബിജോ- അനില ദമ്പതികളുടെ മക്കളായ എയ്ഞ്ചൽ മരിയ ബിജോ, ആജൽ മരിയ ബിജോ, കലയന്താനി നിരവനാനിക്കൽ ജോമോൻ- ജിഷ ദമ്പതികളുടെ മക്കളായ കാർത്തിക ജോമോൻ, കീർത്തന ജോമോൻ, ചീനിക്കുഴി ചോളംമാക്കൽ ഷിബു- ജിബി ദമ്പതികളുടെ മക്കളായ ജിയ ഷിബു, ജിയന്ന ഷിബു, പന്നൂർ ആലപ്പാട്ട് ദിലീപ്- മഞ്ജു ദമ്പതികളുടെ മക്കളായ നവനീത് ദിലീപ്, നയന ദിലീപ്, ഏഴുമുട്ടം ചീരാംകുന്നേൽ ജെയ്സൺ- ഷിജി ദമ്പതികളുടെ മക്കളായ ജെസ്വിവിൻ ജെയ്സൺ, ജുലീന ജെയ്സൺ, ചിലവ് കാനത്തിൽ ബേബി- ബീന ദമ്പതികളുടെ മക്കളായ അനില ബേബി,അഖില ബേബി എന്നിവരാണിവർ.
ജിയ- ജിയന്ന, ജെസ്വിൻ- ജുലീന എന്നിവരെ എളുപ്പം തിരിച്ചറിയാനാകാത്തത് അദ്ധ്യാപകരെ കുഴപ്പിക്കാറുണ്ട്. നാട്ടിലും പലർക്കും ഇവരെ മാറിപ്പോകാറുണ്ട്. സഹപാഠികൾക്കും വീട്ടുകാർക്കും കൺഫ്യൂഷനില്ല.
അഭിരുചിയിലും ഇഷ്ടങ്ങളിലും സമാനത
തുടർ പഠനവും ഒരുമിച്ചാകണമെന്നാണ് ഏഴു ജോഡികളുടെയും താത്പര്യം. പ്ലസ് വണ്ണിന് കൊമേഴ്സ്, സയൻസ് വിഷയങ്ങൾ പഠിച്ച് ബിസിനസ്, മെഡിക്കൽ മേഖലകളിലേക്കോ വിദേശത്തേക്കോ പോകാനാണ് പലർക്കും താത്പര്യം. ഭക്ഷണം, പഠനം, വിനോദം എന്നിവയിൽ ഒരേ തൂവൽ പക്ഷികൾ. ജിയയും ജിയന്നയും കഴിഞ്ഞവർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരുളനൃത്തത്തിൽ പങ്കെടുത്തിത്തിരുന്നു. മറ്റുള്ളവർ കലാസ്വാദകരാണ്.
എല്ലാവരും മിടുക്കരാണ്. പലരിലും ഉന്നത വിജയപ്രതീക്ഷയുണ്ട്.
-പ്രഥമാദ്ധ്യാപകൻ സജി മാത്യു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |