
തിരുവനന്തപുരം: ട്വന്റി-20 ലോകകപ്പിൽ പങ്കെടുത്ത മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്തിൽ പുതുയുഗ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണിനെ ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. നിരവധി മലയാളികൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
'യുഡിഎഫ് നടത്തിയ ഈ യാത്രയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷവനാണ്. കേരളത്തിലെ ജനങ്ങളെ കേൾക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കേരളത്തിന്റെ ജനങ്ങൾ എന്ത് ആഗ്രഹിക്കുന്നു, നാളെത്തെ കേരളത്തെക്കുറിച്ചുള്ള അവരുടെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാൻ ഈ യാത്ര സഹായിച്ചു. നമ്മുടെ രാജ്യത്തെ മനോഹരമായ ഒരു സംസ്ഥാനമാണ് കേരളം. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം എന്ന് അവസാനിക്കുമെന്ന് അറിയില്ല.
അതിനാൽ വളരെ ശ്രദ്ധയോടെ വേണം നാം ഇരിക്കാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക രംഗത്തെ അമേരിക്കയ്ക്ക് തുറന്നുകൊടുത്തു. ഇന്ത്യയിലുള്ള ജനങ്ങളെ വഞ്ചിക്കുകയാണ് മോദി ചെയ്യുന്നത്. ഇതിന് എല്ലാത്തിനും പിന്നിൽ എപ്സ്റ്റീൻ ഫയലാണ്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരുമോയെന്ന് മോദിക്ക് ഭയമാണ്.
സിബിഐയും ഇഡിയും എന്തിനാണ് എപ്പോഴും പ്രതിപക്ഷ പാർട്ടിക്കെതിരെ നടപടിയെടുക്കുന്നത്. എന്റെ പേരിൽ 36 കേസുകൾ ഉണ്ട്. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഇഡി ഒരു നടപടിയും എടുക്കുന്നില്ല? അതിന്റെ കാരണം ബിജെപിയും സിപിഎം ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. സിപിഎമ്മും ബിജെപിയുമല്ല കേരളത്തിൽ 'സിജെപി'യാണ്. അവർ പങ്കാളികളാണെന്ന് എല്ലാവർക്കും അറിയാം'- രാഹുൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |