
പുസ്തകങ്ങളിലെ അറിവ് പഠനത്തോടൊപ്പം പ്രയോഗിക്കപ്പെടുമ്പോഴാണ് പഠനമെന്നത് യഥാർത്ഥ പഠനമാകുന്നത്. ക്ലാസ് മുറിയിൽ നിന്ന് ജോലിയിലേക്കുള്ള യാത്രയിൽ ഇടയ്ക്കുള്ള പാലമാണ് ഇന്റേൺഷിപ്പ് പദ്ധതി. അറിവ് പരീക്ഷണത്തിലൂടെ അനുഭവിക്കാൻ ഇന്റേൺഷിപ്പ് വിദ്യാർത്ഥികളെ സഹായിക്കും. വിദ്യാഭ്യാസവും അനുഭവവും കൂടിച്ചേരുമ്പോൾ അത് അവരെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും.
നാലുവർഷ ബിരുദത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ബിരുദ കോഴ്സുകൾക്കും ഇന്റേൺഷിപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ വർഷം ഏപ്രിൽ- മേയ് മാസങ്ങളിൽ ബിരുദ വിദ്യാർത്ഥികൾ ഇന്റേൺഷിപ്പ് പൂർത്തീകരിക്കേണ്ടിവരുന്നുണ്ട്. കേരളത്തിൽ ഡിഗ്രിക്ക് ഏകദേശം മൂന്നുലക്ഷം കുട്ടികൾ വിവിധ കോളേജുകളായി പഠിക്കുന്നു. ഇത്രയും വലിയ വിദ്യാർത്ഥി സമൂഹത്തിന് ഗുണമേന്മയുള്ള ഇന്റേൺഷിപ്പ് അവസരങ്ങൾ ഒരുക്കുക എന്നത് വിദ്യാഭ്യാസരംഗത്ത് വലിയ വെല്ലുവിളിയാണ്.
ഏപ്രിൽ- മേയ് മാസങ്ങളിൽ എല്ലാ ഡിഗ്രി വിദ്യാർഥികളും ഒരേസമയം ഇന്റൺഷിപ്പിന് പോകുന്നതോടെ ചില സ്ഥാപനങ്ങൾ ഇത് ലാഭകരമായ ഒരു ബിസിനസ് അവസരമായി കാണുന്നു. ഇന്റേൺഷിപ്പ് നിർബന്ധമാക്കിയതോടെ ചില സ്വകാര്യ സ്ഥാപനങ്ങളും, സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളും ഉയർന്ന ഫീസ് ഈടാക്കി ഇന്റേൺഷിപ്പ് നൽകുന്ന കേന്ദ്രങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്.
ഇന്റേൺഷിപ്പ്
എവിടെ?
ഡിഗ്രി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് നിർബന്ധമാക്കിയതോടെ കമ്പനിയിലാണോ, ട്രെയിനിംഗ് സെന്ററിലാണോ ചെയ്യേണ്ടത് എന്ന ചോദ്യം വ്യാപകമായി ഉയരുകയാണ്. യഥാർത്ഥ പരിചയം നൽകുന്നത് കമ്പനികളാണ്. എന്നാൽ, കമ്പനികളിൽ അവസരം ലഭിക്കാത്ത കുട്ടികൾ അംഗീകൃത ട്രെയിനിംഗ് സെന്ററുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നത് ജാഗ്രതയോടെ വേണം. പല സെന്ററുകളും യഥാർത്ഥ പരിശീലനത്തിനു പകരം ക്ലാസുകൾ മാത്രമായി നല്കുന്നത് ഗുണനിലവാരത്തെ ബാധിക്കും എന്നത് ഓർമ്മിക്കണം. ഇന്റേൺഷിപ്പ് ഒരു ഔപചാരികതയല്ല; മറിച്ച് കരിയറിലേക്കുള്ള ആദ്യപടിയാണ്. അതിനാൽ ട്രെയിനിംഗ് സെന്ററുകൾക്കു പകരം, യഥാർത്ഥ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് മുൻഗണന നൽകേണ്ടത്.
മാതൃകകൾ
പല വിധം
വിവിധ രാജ്യങ്ങൾ ഇന്റേൺഷിപ്പ് സംവിധാനം നന്നായി നടപ്പിലാക്കി വരുന്നുണ്ട്. ജർമ്മനിയിലെ 'ഡ്യുവൽ സിസ്റ്റം മോഡൽ", വിദ്യാഭ്യാസവും വ്യവസായ പരിശീലനവും സമന്വയിപ്പിക്കുന്ന മാതൃകയാണ്. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ക്ലാസിൽ പഠിക്കുകയും, ബാക്കിയുള്ള ദിവസങ്ങളിൽ കമ്പനികളിൽ പരിശീലനം നേടുകയും ചെയ്യുന്നതാണ് ഈ രീതി. പരിശീലന കാലയളവിൽ ശമ്പളം ലഭിക്കുന്നതിനാൽ സാമ്പത്തിക ഭാരം കുറയുകയും,തൊഴിൽമേഖലയിൽ ഉത്തരവാദിത്വം കൂടുകയും ചെയ്യുന്നു.
അമേരിക്കയിലെ 'പെയ്ഡ് ഇന്റേൺഷിപ്പ്" മാതൃകയിൽ സർവകശാലകൾ അക്കാഡമി ക്രെഡിറ്റും, കമ്പനികൾ ശമ്പളവും നൽകുന്നു. ജപ്പാനിൽ 'കമ്പനി ഇന്റഗ്രേറ്റഡ് ക്രെഡിറ്റ് മോഡൽ" വഴി പഠന കാലയളവിൽത്തന്നെ വിദ്യാർത്ഥികൾ കമ്പനികളുടെ ഭാഗമാകുന്നു. ഫിൻലാൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ 'വർക്ക് ഇന്റഗ്രേറ്റഡ് ലേണിംഗ്" സംവിധാനങ്ങൾ കുട്ടികൾക്ക് നല്ല രീതിയിൽ പ്രായോഗിക പരിശീലനം ലഭിക്കാൻ സഹായകമാണ്.
ഇന്റേൺഷിപ്പിന്
കേരള മോഡൽ!
കേരളത്തിലെ എല്ലാ ഇന്റേൺഷിപ്പ് പദ്ധതികളും ഏകോപിപ്പിക്കുന്നതിനായി കേരള സ്‌റ്റേറ്റ് ഇന്റേൺഷിപ്പ് മിഷൻ രൂപീകരിച്ച് വ്യവസായ സ്ഥാപനങ്ങളുമായി കരാറുകൾ ഒപ്പിട്ട്, കുട്ടികൾക്ക് സ്‌റ്റൈപ്പന്റ് കൊടുക്കുന്ന രീതിയിലോ ഫീസ് ഇല്ലാത്ത രീതിയിലോ സമഗ്ര ഇന്റേൺഷിപ്പ് പോർട്ടൽ ആരംഭിക്കേണ്ടതുണ്ട്. ഇന്റേൺഷിപ്പ് ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി വിദ്യാർത്ഥികൾക്ക് കോളേജുകളിൽത്തന്നെ മുൻകൂട്ടി പരിശീലനം നൽകണം. ഓരോ ഇന്റേൺഷിപ്പിനും വ്യത്യസ്തമായ മാർഗനിർദ്ദേശവും സ്‌റ്റൈപ്പന്റും ഉറപ്പാക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ വിവിധങ്ങളായ ഇന്റേൺഷിപ്പ് പോർട്ടലുകൾ ഏകോപിപ്പിക്കുകയും, സ്വകാര്യ ഡിജിറ്റൽ പോർട്ടലുകളിൽ വിശ്വാസയോഗ്യമായവ കണ്ടെത്തി, വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തുകയും ചെയ്യുക വഴി ആശങ്കകൾ കുറയ്ക്കാനാവും.
ഇപ്പോൾ നിലനിൽക്കുന്ന ഇന്റേൺഷിപ്പ് കേരള (internshipkerala.org) എന്ന സംവിധാനത്തിൽ,ട്രെയിനിംഗ് സെന്ററുകൾക്കു പകരം കുട്ടികൾക്ക് സ്‌റ്റൈപ്പന്റ് കൊടുക്കുന്ന കമ്പനികളെ കൂടുതലായി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. ഏപ്രിൽ- മേയ് മാസങ്ങളിൽ എല്ലാ കുട്ടികളും ഒരുമിച്ച് ഇന്റേൺഷിപ്പിന് പോകുന്നത് കുട്ടികളുടെ അവസരം കുറയ്ക്കുമെന്നതിനാൽ, അക്കാദമിക് വർഷത്തിൽ അവധി ദിവസങ്ങൾ കണ്ടെത്തി കുട്ടികൾക്ക് ഇന്റേൺഷിപ്പ് പോകാൻ അനുവാദം കൊടുക്കുന്നത്, അവർക്ക് കമ്പനികളിൽത്തന്നെ ഇന്റേൺഷിപ്പ് പൂർത്തീകരിക്കാൻ അവസരം ലഭിക്കുന്നതിന് സഹായിക്കും.
നിശ്ചിത ദിവസങ്ങളിൽ ക്ലാസിൽ പഠിക്കുകയും, ബാക്കി ദിവസങ്ങളിൽ ഇന്റെൺഷിപ്പ് ചെയ്യുകയും വഴി കുട്ടികൾക്ക് യഥാർത്ഥ പരിശീലനം ലഭിക്കും. കേരളത്തിലെ എല്ലാ സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ഇന്റേൺഷിപ്പ് അവസരം ഒരുക്കുക വഴി, കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുങ്ങും. പത്ത് ജീവനക്കാരെങ്കിലുമുള്ള എല്ലാ രജിസ്‌റ്റേർഡ് കമ്പനികളിലും ഫീസ് ഇല്ലാതെ കുട്ടികൾക്ക് ഇന്റേൺഷിപ്പ് അനുവദിക്കുക എന്ന നയം നടപ്പിലാക്കിയാൽ, കുട്ടികൾക്ക് കമ്പനികളുടെ യഥാർത്ഥ പരിശീലനം ലഭിക്കുന്നതാണ്.
സ്വകാര്യ സ്ഥാപനങ്ങൾക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ സ്‌കോളർഷിപ്പ് ഏർപ്പെടുത്തുക വഴി, കൂടുതൽ ഉത്തരവാദിത്വം
ഉണ്ടാകും. ആർട്സ്, ഭാഷാ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പാക്കേജുകൾ രൂപപ്പെടുത്തണം. ഇതിനായി മാദ്ധ്യമ സ്ഥാപനങ്ങൾ, ടൂറിസം വകുപ്പ്, പഞ്ചായത്ത്, സർക്കാർ ഓഫീസുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് പരിശീലനം നൽകാനാവും. ഗ്രാമീണ സാമൂഹ്യസേവന മേഖലകളെ ഉൾപ്പെടുത്തി നടത്തുന്ന കമ്മ്യൂണിറ്റി ഇന്റേൺഷിപ്പ് ട്രാക്ക് നമ്മുടെ സാമൂഹ്യ വികസനത്തിനും യുവത്വത്തിന്റെ സാമൂഹ്യ ബോധവർദ്ധനയ്ക്കും വലിയ സംഭാവന നൽകും.
ഡിജിറ്റൽ
ഇന്റേൺഷിപ്പ്
അതേസമയം, കേരള സ്റ്റാർട്ടപ്പ് മിഷൻ, ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് എന്നിവയുടെ സഹകരണത്തോടെ ഡിജിറ്റൽ ഇന്റേൺഷിപ്പുകൾ വ്യാപകമാക്കുന്നത് നന്നായിരിക്കും. ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ,ഇൻഷുറൻസ് കമ്പനികൾ ഇവയുമായി ചേർന്ന് നടപ്പാക്കുന്ന ഇന്റേൺഷിപ്പ് സാമ്പത്തിക ശാസ്ത്രം, കൊമേഴ്സ് എന്നിവ പഠിക്കുന്ന കുട്ടികൾക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കും. ഫ്ളിപ്പ്കാർട്ട്, ആമസോൺ, വൻകിട ഷോപ്പിംഗ് മാളുകൾ, മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് നൽകുന്ന പരിശീലന പദ്ധതികൾ കുട്ടികളിൽ പുതിയൊരു തൊഴിൽ സംസ്‌കാരം ഉണ്ടാക്കിയെടുക്കും.
യൂണിവേഴ്സിറ്റികളിലെ റിസർച്ച് സെന്ററുകളും ശാസ്ത്ര- സാങ്കേതിക സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന ഇന്റേൺഷിപ്പ്, ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഗുണപ്രദമാകും. പ്രാദേശിക വ്യവസായ സ്ഥാപനങ്ങളെയും, കോളേജുകളെയും ബന്ധിപ്പിക്കുക വഴി ഗ്രാമീണാവസരങ്ങൾ വർദ്ധിപ്പിക്കാൻ കഴിയും. ഓൺലൈൻ ഇന്റേൺഷിപ്പ് ചെയ്യുന്ന കുട്ടികൾക്ക് 'വർക്ക് ഫ്രം ഹോം" എന്ന രീതിയിൽ ആയിരിക്കണം ഇന്റേൺഷിപ്പ് പൂർത്തീകരിക്കേണ്ടത്. അങ്ങനെയാണെങ്കിൽ കുട്ടികൾക്ക് കമ്പനികളിൽ നിന്ന് സ്റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഇത്തരമൊരു സമഗ്ര- ദീർഘകാല കാഴ്ചപ്പാടോടു കൂടിയ പദ്ധതികൾ നടപ്പിലാക്കിയാൽ രാജ്യത്തിനു തന്നെ മാതൃകയായി, കേരളം ഒരു ഗ്ലോബൽ ഇന്റേൺഷിപ്പ് ഹബ് ആയിമാറും. ഒപ്പം, യുവജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ തൊഴിൽ ലോകത്തേക്കു കടക്കാൻ ശക്തമായ അടിത്തറ ലഭിക്കുകയും ചെയ്യും.
(കോന്നി, സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി.യോഗം കോളേജിൽ അസി. പ്രൊഫസർ ആണ് ലേഖകൻ. ഫോൺ: 73066 08339)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |