SignIn
Kerala Kaumudi Online
Sunday, 08 March 2026 8.28 AM IST

ഐ.എ.എസ് പോരാട്ടം

Increase Font Size Decrease Font Size Print Page
asok

അർഹതപ്പെട്ട കേഡർ തസ്തികകൾ തിരിച്ചുപിടിക്കാനും ചട്ടങ്ങൾ പാലിക്കാതെ തോന്നിയപോലെ തെറിപ്പിക്കുന്നതിന് തടയിടാനും ഐ.എ.എസ് ഉദ്യോഗസ്ഥർ നടത്തിയ നിയമപോരാട്ടം വിജയത്തിലെത്തിയതാണ് കഴിഞ്ഞ ദിവസം കണ്ടത്. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും നിയമനത്തിനും സ്ഥലംമാറ്റത്തിനുമടക്കം സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയുണ്ടാവണമെന്നും കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത് സർക്കാരിന് പ്രഹരവും ഐ.എ.എസുകാർക്ക് വിജയവുമായി.

സിവിൽ സർവീസിലെ ജനകീയനും ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റുമായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് നയിച്ച പോരാട്ടമാണ് വിജയത്തിലെത്തിയത്. സിവിൽ സർവീസ് ബോർഡിന്റെ അനുമതിയില്ലാതെ ഇനി ഐ.എ.എസുകാരുടെ നിയമനം, സ്ഥലംമാറ്റം, ശിക്ഷാനടപടികൾ എന്നിവ നടപ്പില്ല. രാജ്യത്താകെ ഐ.എ.എസ് മാറ്റങ്ങൾക്കുള്ള അടിസ്ഥാനമായി ഈ ഉത്തരവ് മാറും.

261ഐ.എ.എസ് കേഡർ തസ്തികകളാണ് കേരളത്തിലുള്ളത്. ഇതിൽ 126 സീനിയർ തസ്തികകളാണ്.

സർക്കാരിന് താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ അടിക്കടി തെറിപ്പിക്കുന്നതാണ് പതിവ്. പട്ടികജാതി വികസന ഡയറക്ടർ പദവിയിൽ ആറുമാസത്തിനിടെ 7ഉദ്യോഗസ്ഥരെ നിയമിച്ചു. കളക്ടർ,സെക്രട്ടറിമാർ തസ്തികകളിലും ഇതുതന്നെ രീതി. ഇനിമുതൽ സ്ഥാനക്കയറ്റം, വിരമിക്കൽ, രണ്ടുമാസത്തിൽ കുറയാത്ത ഡെപ്യൂട്ടേഷൻ എന്നീ സാഹചര്യങ്ങളിലൊഴികെ ഐ.എ.എസുകാരെ ഒരു പദവിയിൽ രണ്ടുവർഷം തുടരാൻ അനുവദിക്കേണ്ടിവരും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും അഡി. ചീഫ് സെക്രട്ടറി, വകുപ്പുസെക്രട്ടറി എന്നിവർ അംഗങ്ങളുമായ സിവിൽ സർവീസ് ബോർഡ് ചേർന്ന് കാര്യകാരണസഹിതം ഉത്തരവിറക്കാതെ സ്ഥലംമാറ്റം, നിയമനം, സസ്പെൻഷൻ ഇവയൊന്നും നടക്കില്ല.

സുപ്രീംകോടതി ഉത്തരവനുസരിച്ച് കേരളത്തിൽ സിവിൽ സർവീസ് ബോർഡുണ്ടെങ്കിലും 2016നുശേഷം ചേർന്നിട്ടില്ല. ഐ.എ.എസ് കേഡർ തസ്തികകളിൽ മറ്റുസർവീസുകാരെയും വിരമിച്ചവരെയും നിയമിക്കുന്നതും ഇനി നടപ്പില്ല. സർക്കാരിന് പുറത്തുള്ള കമ്മിഷനുകളിൽ നിയമിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ സന്നദ്ധത മുൻകൂറായി തേടേണ്ടിവരും. ഒരുപദവിയിൽ രണ്ടുവർഷത്തിലേറെയുള്ള ഉദ്യോഗസ്ഥരെ ബോർഡിന്റെ അനുമതിയില്ലാതെ സ്ഥലംമാറ്റാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം ട്രൈബ്യൂണൽ തള്ളുകയും ചട്ടങ്ങൾ പാലിക്കാത്തതിന് ചീഫ് സെക്രട്ടറിമാർക്ക് താക്കീത് നൽകുകയും ചെയ്തത് സർക്കാരിന് തിരിച്ചടിയായി. മുഖ്യമന്ത്രി ഫയൽ കാണാതെ ഐ.എ.എസുകാരെ മാറ്റി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതടക്കം ക്രമക്കേടുകളുടെ തെളിവുകൾ കോടതിയിലെത്തി. ഇനിമുതൽ എല്ലാ തീരുമാനങ്ങളും സിവിൽ സർവീസ് ബോർഡിന്റെ അനുമതിയോടെയേ പാടുള്ളൂവെന്ന ട്രൈബ്യൂണൽ ഉത്തരവ്, 2014ലെ ടി.എസ്.ആർ സുബ്രഹ്മണ്യം കേസിലെ സുപ്രീംകോടതി ഉത്തരവിനെ അടിസ്ഥാനമാക്കിയായതിനാൽ അപ്പീൽ പോയാലും തിരിച്ചടിക്ക് സാദ്ധ്യതയേറെയാണ്.

കള്ളക്കളിക്ക് പലവഴികൾ

ഐ.എ.എസുകാരുടെ കേഡർ തസ്തികകൾ ഒഴിച്ചിട്ട് പേരിൽ വ്യത്യാസത്തോടെ മറ്റുപദവികളുണ്ടാക്കി വിരമിച്ചവരെ നിയമിക്കുന്നതാണ് പതിവ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽസെക്രട്ടറിയുടെ കേഡർ തസ്തിക ഒഴിച്ചിട്ട് ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി വിരമിച്ചയാളെ നിയമിച്ചു. കേഡർ തസ്തികയായ ഐ.എം.ജി ഡയറക്ടർ കാലിയാക്കിയിട്ടശേഷം ഡയറക്ടർ ജനറലെന്ന പദവിയിൽ വിരമിച്ച ചീഫ് സെക്രട്ടറിയെ അടുത്തിടെവരെ നിയമിച്ചിരുന്നു. ഉദ്യോഗസ്ഥരെ നിയമിക്കുമ്പോഴും സ്ഥലംമാറ്റുമ്പോഴും സിവിൽ സർവീസസ് ബോർഡിന്റെ അനുമതി നേടണമെന്ന ചട്ടം പാലിക്കാത്തതിനെതിരെ അസോസിയേഷൻ ഭാരവാഹികൾ പലതവണ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരെ ഇഷ്ടാനുസരണം സ്ഥലംമാറ്റിയും നിയമിച്ചും സർക്കാർ മുന്നോട്ടുപോയതോടെ 2023ൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അസോസിയേഷൻ സമീപിക്കുകയായിരുന്നു. ഐഎഎസുകാർ വഹിച്ചിരുന്ന എക്സൈസ് കമ്മിഷണർ പദവി ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് ഐപിഎസിലേക്കു മാറ്റിയത്. നിലവിൽ എഡിജിപി എം.ആർ.അജിത്കുമാറാണു പദവി വഹിക്കുന്നത്. ഇത് ഐ.എ.എസുകാർക്ക് തിരികെ നൽകേണ്ടി വരും.

അശോകിനെ തെറിപ്പിക്കാൻ


ഉടൻ ചീഫ് സെക്രട്ടറി ഗ്രേഡിലെത്തുന്ന ഡോ.ബി.അശോകിനെ കേഡറിന് പുറത്തേക്ക് തെറിപ്പിക്കാൻ തുടരെത്തുടരെ നടത്തിയ 3സ്ഥലംമാറ്റങ്ങൾ റദ്ദാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മിഷനാക്കാൻ കേന്ദ്രാനുമതി തേടിയില്ല. കേന്ദ്രത്തിൽ സീനിയർ അഡിഷണൽ സെക്രട്ടറി റാങ്കുള്ള അശോകിനെ പ്രധാനമന്ത്രിയുടെ അനുമതിയോടെയല്ലാതെ കമ്മിഷനാക്കാനാവുമായിരുന്നില്ല. ചീഫ് സെക്രട്ടറി ഗ്രേഡുലഭിക്കുമ്പോൾ ഉന്നതപദവി നൽകേണ്ടിവരുമെന്നതിനാലാണ് ചട്ടങ്ങൾ വകവയ്ക്കാതെയുള്ള തെറിപ്പിക്കൽ. അശോകിനെ ആദ്യം തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായും പിന്നീട് ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാനായും അതിനുശേഷം ഉദ്യോഗസ്ഥ, ഭരണപരിഷ്കരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായാണു സർക്കാർ സ്ഥലംമാറ്റിയത്. ജൂനിയർ ഉദ്യോഗസ്ഥർ വഹിക്കുന്ന പദവിയിലേക്കും സെക്രട്ടേറിയറ്റിനു പുറത്തേക്കും അദ്ദേഹത്തെ മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ചട്ടങ്ങൾ പാലിക്കാതെയുള്ള മൂന്ന് സ്ഥലംമാറ്റങ്ങളും ട്രൈബ്യൂണൽ റദ്ദാക്കിയത് സർക്കാരിന് കനത്ത പ്രഹരമായി.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.