
രണ്ടു മാസത്തേക്ക് കരുതല്‍ ശേഖരം കൈയില്‍
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ക്രൂഡോയില്‍ വരവ് പൂര്‍ണമായും നിലച്ചാലും ഇന്ധന രംഗത്ത് ഇന്ത്യയ്ക്ക് പേടിക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഇന്ത്യയുടെ കൈവശം 25 കോടി ബാരല്‍ ക്രൂഡോയിലും സംസ്‌കരിച്ച പെട്രോളിയം ഉത്പന്നങ്ങളുമാണ് സ്റ്റോക്കുള്ളത്. എട്ട് ആഴ്ച വരെ ഉപയോഗിക്കാവുന്ന 4,000 കോടി ലിറ്ററിന് തതുല്യമാണിത്. മാംഗ്‌ളൂര്‍, പാഡൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഭൂഗര്‍ഭ അറകളിലായി 25 ദിവസത്തേക്കുള്ള കരുതല്‍ശേഖരമുണ്ട്. ഇതുകൂടാതെ ഭൂമിക്ക് മുകളിലുള്ള ടാങ്കുകളിലും പൈപ്പ്ലൈനുകളിലും ഓഫ് ഷോര്‍ വെസലുകളിലുമായി ഒരു മാസത്തേക്കുള്ള ഇന്ധനവുമുണ്ട്.
രാജ്യ സുരക്ഷ കണക്കിലെടുത്ത് ഇന്ധന ആശ്രയത്വം വൈവിദ്ധ്യവല്‍ക്കരിക്കാനായി എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ എണ്ണം പത്ത് വര്‍ഷത്തിനിടെ 27ല്‍ നിന്ന് 40 ആയി ഉയര്‍ത്തി. മൊത്തം ഇന്ധനത്തിന്റെ 40 ശതമാനം മാത്രമാണ് ഹോര്‍മുസ് ഇടനാഴിയിലൂടെ എത്തുന്നത്.
റഷ്യ, പടിഞ്ഞാറന്‍ ആഫ്രിക്ക, അമേരിക്ക, മദ്ധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് 60 ശതമാനം ഇന്ധനം എത്തുന്നത്.
റഷ്യ പ്രധാന പങ്കാളിയായി തുടരുന്നു
കഴിഞ്ഞ മാസത്തെ കണക്കുകളനുസരിച്ച് റഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എണ്ണ ഇന്ത്യയിലെത്തിയത്. മൂന്ന് വര്‍ഷമായി കടുത്ത ഭൗമ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും എണ്ണ വാങ്ങുന്നതിന് ഒരു രാജ്യത്തിന്റെയും അനുമതി ഇന്ത്യ തേടിയിട്ടില്ല. ആഗോള വിപണിയില്‍ സ്ഥിരത സൃഷ്ടിക്കുന്നതില്‍ ഇന്ത്യയുടെ പങ്കാളിത്തം കണക്കിലെടുത്താണ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്കന്‍ ട്രഷറി ഒരു മാസത്തെ ഇളവ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എത്തനോള്‍ മിശ്രണം നേട്ടമായി
പെട്രോളിനൊപ്പം 20 ശതമാനം എത്തനോള്‍ മിശ്രണം നടത്തിയതിലൂടെ പ്രതിവര്‍ഷം 4.4 കോടി ബാരല്‍ ക്രൂഡോയിലിന്റെ ഉപയോഗം കുറയ്ക്കാനായി.
ഇന്ത്യയുടെ പ്രതിവര്‍ഷ റിഫൈനിംഗ് ശേഷി- 25.8 കോടി മെട്രിക് ടണ്‍
പ്രതിവര്‍ഷ ആഭ്യന്തര ഉപഭോഗം - 23 കോടി മെട്രിക് ടണ്‍
പെട്രോള്‍, ഡീസല്‍ വിലയില്‍ സ്ഥിരത
നാല് വര്‍ഷമായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില മാറിയിട്ടില്ല. 2022 ഫെബ്രുവരിക്ക് ശേഷം ഡെല്‍ഹിയില്‍ പെട്രോള്‍ വിലയില്‍ 0.7 ശതമാനം കുറഞ്ഞപ്പോള്‍ പാക്കിസ്ഥാനില്‍ പെട്രോള്‍ വില 55 ശതമാനവും ജര്‍മ്മനിയില്‍ 22 ശതമാനവും ഉയര്‍ന്നു. ഉത്പാദന ചെലവിലെ നഷ്ടം പൊതുമേഖല എണ്ണ കമ്പനികള്‍ ഏറ്റെടുത്തതാണ് ഉപഭോക്താക്കള്‍ക്ക് നേട്ടമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |