
തിരുവനന്തപുരം: ഇറാനെതിരെയുള്ള ആക്രമണം അതിശക്തമായി അപലപിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസുകാരും ഇസ്രയേൽ സയോണിസ്റ്റുകളും ഇരട്ടപെറ്റ സഹോദരങ്ങളാണ്. രണ്ടുപേരും തമ്മിൽ അത്രയും യോജിപ്പാണ്. രണ്ടും ഭരണ നേതൃത്വത്തിലുള്ളവരാണ്. ഇടതുമുന്നണിയുടെ യുദ്ധവിരുദ്ധ സമാധാന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത് രാഷ്ട്രമായിരുന്ന ഇറാൻ ഏകപക്ഷീയമായി ആക്രമിക്കപ്പെട്ടിട്ടും രാജ്യം അപലപിച്ചില്ല. ഒരു ആർ.എസ്.എസുകാരന് ഇസ്രയേലിനെ തള്ളിപ്പറയാൻ വിഷമമുണ്ടാകും. അമേരിക്കൻ സ്വാമ്രാജ്യത്വത്തോട് വിധേയത്വം കാണിക്കുമ്പോൾ അവരെ തള്ളിപ്പറയാനും വിഷമമുണ്ടാകും. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന സ്ഥാനത്തിരിക്കുമ്പോൾ ആ ഉത്തരവാദിത്വം നിറവേറ്റണം. ഇന്ത്യയും ഇവിടത്തെ ജനങ്ങളുമാണ് ലോകത്തിനു മുന്നിൽ അപമാനിതരായത്. ദീർഘമായുള്ള നമ്മുടെ സ്വാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനാണ് ക്ഷതമേൽപ്പിച്ചത്. ഇന്ത്യയുമായുള്ള സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുത്ത് തിരിച്ചുപോയ ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ടിട്ടുപോലും അര അക്ഷരം പറയാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. നമ്മുടെ അതിഥിയായി വന്ന് ആക്രമിക്കപ്പെട്ടിട്ടും പ്രതികരികാത്തത് എന്താണ്. സ്വതന്ത്ര പരമാധികാര റിപ്പബ്ളികാണ് ഇന്ത്യ. അമേരിക്കയുമായി ബന്ധപ്പെടുമ്പോൾ എവിടെയാണ് സ്വതന്ത്രാവസ്ഥയും പരമാധികാരവും. ഇതു രണ്ടുമുണ്ടെങ്കിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അനുവദിക്കണമെന്ന് അമേരിക്കയോടും ട്രംപിനോടും ആവശ്യപ്പെടുമോ? എത്ര അപമാനകാരമായ അവസ്ഥയാണിത്. ഇന്ത്യ ആരുമായി വ്യാപാര ബന്ധം വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം നമുക്കല്ലേ. ഈ പരമാധികാരം ട്രംപിന്റെ കാൽക്കൽ അടിയറവച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
നമ്മുടെ രാജ്യം കാണിക്കുന്ന നിസംഗ മനോഭാവത്തിനും അപമാനകരമായ സ്വാമ്രാജ്യത്വ വിധേയത്വത്തിനെതിരെയും ജനവികാരം ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി.സന്തോഷ്‌കുമാർ എം.പി, എ.എ.റഹീം എം.പി, എം.എൽ.എമാരായ വി.ജോയി, കടകംപള്ളി സുരേന്ദ്രൻ, മുൻമന്ത്രി നീലലോഹിത ദാസൻ നാടാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |