റാന്നി: അത്തിക്കയം കൊച്ചുപാലവും റോഡും അവഗണനയിൽ. അധികൃതർ കൈയൊഴിഞ്ഞ പാലവും റോഡും തകർന്നതോടെ നേരത്തെ നാട്ടുകാരാണ് പണം കണ്ടെത്തി അറ്റകുറ്റപ്പണി നടത്തിയത്. ബാക്കി പണി നടത്താൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. നാട്ടുകാരുടെ ആശ്രയമായ പാത തകർച്ചയിലായതോടെ അറ്റകുറ്രപ്പണി നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്ന് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടിയോളം രൂപ ചെലവിൽ പദ്ധതി തയ്യാറാക്കി. അത്തിക്കയം - കടുമീൻചിറ റോഡിലെ പാലത്തിന്റെ സംരക്ഷണ ഭിത്തിയും സമീപന റോഡും നിർമ്മിക്കാനായിരുന്നു പദ്ധതി. പക്ഷേ പിന്നീട് കരാറുകാരൻ പണി ഉപേക്ഷിച്ചു. ഇതോടെ ആരും തിരിഞ്ഞുനോക്കാതായി. കരാറുകാരനെ തിരികെ എത്തിക്കാനോ പുതിയ കരാർ നൽകാനോ ബന്ധപ്പെട്ടവർ തയ്യാറായില്ല. പാലത്തിന്റെ അപകടഭീഷണിയെ തുടർന്ന് അറ്റകുറ്റപ്പണി നടത്താൻ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ ഇതിനായി നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. അറ്റകുറ്രപ്പണിക്കായി 4.5 ലക്ഷം രൂപയോളം പിരിച്ചെടുത്തു. പിന്നീട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാലം ബലപ്പെടുത്തി.
100 മീറ്ററോളം വരുന്ന സമീപന റോഡ് മക്കിട്ട് ഉയർത്തി ജി.എസ്.ബി ഉപയോഗിച്ച് നിരപ്പാക്കി ഗതാഗതയോഗ്യമാക്കി.
അറ്റകുറ്റപ്പണിക്ക് നടപടിയില്ല
@ സഞ്ചാരയോഗ്യമല്ലാതായ റോഡിന്റെയും ബലക്ഷയം നേരിട്ട പാലത്തിന്റെയും അറ്റകുറ്റപ്പണി താത്കാലികമായാണ് നാട്ടുകാർ നടത്തിയത്. അധികൃതർ ബാക്കി പണി നടത്തുമെന്നായിരുന്നു പ്രതീക്ഷ.
@ പക്ഷേ ബന്ധപ്പെട്ടവരുടെ അനാസ്ഥ തുടർന്നതേയുള്ളു. പണി നടത്തുന്നതിനെക്കുറിച്ച് ചർച്ചകൾ പോലുമില്ല.
മുകൾ ഭാഗം ഇളകി മെറ്റിൽ തെറിക്കുന്ന സ്ഥിതിയിലാണ് ഇപ്പോൾ റോഡ്.
@ റോഡ് ശാസ്ത്രീയമായി നന്നാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കാലവർഷത്തിന് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |