ചാലക്കുടി: ദേശീയപാതയിലെ ചിറങ്ങര, മുരിങ്ങൂർ അടിപ്പാതകളുടെ നിർമ്മാണം മാർച്ച് 31നകം പൂർത്തീകരിക്കണമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഏപ്രിൽ രണ്ടാം വാരത്തിൽ പൂർത്തിയാക്കുമെന്ന പ്രൊജക്ട് ഡയറക്ടറുടെ ഉറപ്പ് ജില്ലാ കളക്ടർ അംഗീകരിച്ചില്ല. അടിപ്പാത പാർശ്വഭിത്തികളുടെ സ്ലാബ് ഇടിഞ്ഞു വീണാൽ ഇനിമുതൽ ക്രിമിനൽ കേസെടുക്കുമെന്ന് തൃശൂർ റൂറൽ എസ്.പി: ബി.കൃഷ്ണകുമാറും മുന്നറിയിപ്പ് നൽകി. ചുമതലയേറ്റ ശേഷം ചാലക്കുടി മേഖലയിലെ ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു കളക്ടർ. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രം ചാലക്കുടി പുഴമ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്ന് സ്ഥലത്തെത്തിയ സനീഷ്‌കുമാർ ജോസഫ് എം.എൽ.എയും നിർദ്ദേശിച്ചു. വിശദമായി കൂടിയാലോചനകൾക്ക് ശേഷം മാർച്ച് 31നകം ഇരു അടിപ്പാതകളുടേയും നിർമ്മാണം പൂർത്തിയാക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥരും കരാർ കമ്പനിയും കളക്ടർക്ക് ഉറപ്പ് നൽകി. സുരക്ഷ കർശനമാക്കി പ്രവൃത്തികൾ നടത്തുമെന്നും അവർ വ്യക്തമാക്കി. എന്നാൽ കൊരട്ടി മേൽപ്പാലം, മുരിങ്ങൂർ അടിപ്പാത എന്നിവയുടെ നിർമ്മാണ സ്ഥലത്ത് കളക്ടർ എത്തിയില്ല. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീലാ സുബ്രഹ്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി കെ.ശ്രീലത, മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥൻ അശോക് കുമാർ, ആർ.ഡി.ഒ: ഭിഭൂഷൻ തുടങ്ങിയവരും സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |