കോഴിക്കോട്: ന്യായമായ വേതന വർദ്ധന ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിൽ നഴ്സുമാർ കളക്ടറേറ്റിനു മുൻപിൽ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. ഇന്നലെ അതിരാവിലെ മുതൽ കളക്ടറേറ്റ് കവാടത്തിൽ നഴ്സുമാർ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. ആയിരത്തിലധികം നഴ്സുമാർ പങ്കെടുത്തു. ഒരു കൂട്ടം നഴ്സുമാർ അവരുടെ ആശുപത്രികൾക്ക് മുൻപിലും പ്രതിഷേധിച്ചു. അത്യാഹിത വിഭാഗത്തിലുള്ളവരും ഇന്നലെ മുതൽ സമരത്തിൽ പങ്കാളികളായെന്ന് യു.എൻ.എ ജില്ല പ്രസിഡന്റ് ജിഷ്ണു പറഞ്ഞു.
നഴ്സുമാർ സമരവുമായി രംഗത്തിറങ്ങിയതോടെ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ സ്തംഭിച്ചു. അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധമെങ്കിലും വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്സുമാർ വിട്ടുനിൽക്കുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ശസ്ത്രക്രിയകൾ, കിടത്തി ചികിത്സ തുടങ്ങിയവ തടസപ്പെട്ടു. ഇതോടെ അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ കളക്ടറുടെ അനുമതി തേടി. അതേസമയം സമരത്തിൽ പങ്കെടുത്ത ബേബി മെമ്മോറിയൽ ആശുപത്രിയിലെ കരാർ നഴ്സുമാരെ തിരിച്ചെടുക്കാൻ ധാരണയായെങ്കിലും പിന്നീട് മാനേജ്മെന്റ് നിലപാട് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |