
തെഹ്റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ ഫെബ്രുവരി 28ന് നടന്ന ആക്രമണങ്ങളിലെ മിസൈൽ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാനിയൻ സ്റ്റേറ്റ് മീഡിയ. ഇറാന്റെ നാവിക താവളത്തിനും പ്രൈമറി സ്കൂളിനും നേരെയുണ്ടായ ആക്രമണത്തിൽ 165 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 178 പേർ കൊല്ലപ്പെട്ടിരുന്നു.
2014ലോ അതിനുശേഷമോ നിർമിച്ച യു.എസിന്റെ ടോമാഹാക്ക്
ക്രൂയിസ് മിസൈലുമായി പൊരുത്തപ്പെടുന്ന സീരിയൽ നമ്പറുകളും അടയാളങ്ങളും അവശിഷ്ടങ്ങളിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ശജറ ത്വയ്യിബ എലിമെന്ററി സ്കൂളിന് സമീപം പ്രദർശിപ്പിച്ചിരിക്കുന്ന അവശിഷ്ടങ്ങൾ കാണാം. ഇറാനാണ് സ്കൂൾ ആക്രമണത്തിന് പിന്നിലെന്ന തരത്തിൽ ഇറാന്റെ കൈയിലും ടോമോഹാക്ക് മിസൈലുകളുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ഒരുപാട് രാജ്യങ്ങളുടെ കൈയിൽ ടോമോഹോക്ക് ഉണ്ടെന്നും അവർ തങ്ങളിൽ നിന്നും മിസൈലുകൾ വാങ്ങുന്നതാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ യു.എസ്, യു.കെ, ഓസ്ട്രേലിയ, ജപ്പാൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളുടെ കൈവശം മാത്രമാണ് ടോമോഹോക്ക് മിസൈലുകൾ ഉള്ളൂ എന്നതാണ് യാഥാർത്ഥ്യം.
ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം ടെഹ്റാനിൽ കുറഞ്ഞത് 460 പേർ കൊല്ലപ്പെടുകയും 4,309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ടെഹ്റാൻ അടിയന്തര ആരോഗ്യ വകുപ്പിന്റെ ഡെപ്യൂട്ടി മേധാവി പറഞ്ഞു.ഫെബ്രുവരി 28 മുതൽ നടന്ന ആക്രമണങ്ങളിൽ തലസ്ഥാനത്ത് 18 ആംബുലൻസുകളും 18 അടിയന്തര കേന്ദ്രങ്ങളും തകർന്നതായിയാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇറാനിലുടനീളം,ആക്രമണങ്ങളിൽ 1,200 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 10,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |