
കൊല്ലം: മേൽശാന്തിയായി ജോലിനോക്കിയിരുന്ന ക്ഷേത്രത്തിൽ പത്തുവർഷത്തിനുശേഷം എത്തി കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ. കാെട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത് നമ്പൂതിരിയാണ് പിടിയിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്തിയത്.
സജിത് നമ്പൂതിരി 2015ൽ ഈ ക്ഷേത്രത്തിൽ കുറച്ചുനാൾ മേൽശാന്തിയായി ജോലി ചെയ്തിരുന്നു. അന്നുതന്നെ ക്ഷേത്രത്തെക്കുറിച്ചുള്ള കാര്യങ്ങൾ എല്ലാം ഇയാൾ വ്യക്തമായി മനസിലാക്കിയിരുന്നു. മോഷണം നടത്തുക എന്ന ഉദ്യേശത്തോടെയായിരുന്നു ഇതെന്നാണ് കരുതുന്നത്. പിന്നീട് അവിടെ നിന്ന് മറ്റൊരു ക്ഷേത്രത്തിലേക്ക് ജോലിക്കുപോയി.
മൂന്നുമാസങ്ങൾക്കു മുൻപാണ് മോഷണം നടത്താനായി ഇയാൾ വീണ്ടും വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെത്തിയത്. രാത്രിയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ എത്തിയ ഇയാൾ രണ്ട് വഞ്ചികൾ കുത്തിത്തുറന്ന് പണം കൈക്കലാക്കി. വിദഗ്ദ്ധ മോഷ്ടാക്കളെപ്പോലെ തെളിവുളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു മാേഷണം.
മോഷണത്തിനുശേഷം ആരുടെയും കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടെങ്കിലും സിസിടിവി ദൃശ്യങ്ങൾ സജിത്തിന് വിനയാവുകയായിരുന്നു. മോഷണത്തിന്റെ സി സി ടി വി ദൃശ്യം ലഭിച്ചതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. സമാന കേസിൽ കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്ത സജിത്തിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വടമൺ ക്ഷേത്രത്തിലെ മോഷണം നടത്തിയ കാര്യവും ഇയാൾ സമ്മതിച്ചത്.
കഴിഞ്ഞദിവസം പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾ കൂടുതൽ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടോ എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |