
അതിർത്തി കടന്നുള്ള ഭീകരവാദം നടത്തുന്ന പാകിസ്ഥാനും അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്ന ചൈനയ്‌ക്കും മറുപടിയായി ഇന്ത്യ പ്രതിരോധ രംഗത്ത് വലിയ മുന്നേറ്റമാണ് കഴിഞ്ഞകുറച്ചുനാളായി നടത്തുന്നത്. ഭാവിയെ മുന്നിൽ കണ്ടുള്ള പ്രതിരോധ തയ്യാറെടുപ്പുകളാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്. ഇതിനായി ഇപ്പോഴുള്ള സൈനിക ശക്തിയുടെ പോരായ്‌മ പരിഹരിക്കുകയും ശേഷി വർദ്ധിപ്പിക്കുകയുമാണ്. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്‌തമാക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യ ഫ്യൂച്ചർ റെഡി കോംബാറ്റ് വെഹിക്കിളുകൾ (എഫ്ആർസിവി) തയ്യാറാക്കുകയാണ്. 'പ്രോജക്‌ട് രണജിത്ത്' എന്നാണ് ഈ പദ്ധതിക്ക് പേര്.
സൈന്യത്തിൽ ഏറ്റവും പഴക്കമേറിയ സോവിയറ്റ് നിർമ്മിതമായ ടി-72 ടാങ്കുകൾ (അജയ് ടാങ്കുകൾ) ഇന്ത്യ മാറ്റുകയാണ്. പകരം ഇന്ത്യൻ കവചിത സേനകൊണ്ടുവരാൻ പോകുന്നവയാണ് പ്രോജക്‌ട് രണജിത്ത്. ഈ ടാങ്കുകൾ നിർമ്മിക്കാൻ ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ്, മഹിന്ദ്ര ഡിഫൻസ് സിസ്റ്റംസ് എന്നീ നാല് സ്വകാര്യ കമ്പനികൾ രംഗത്തുണ്ട്. പദ്ധതിയുടെ പ്രോട്ടോ ടൈപ്പ് തയ്യാറാക്കാനുള്ള 70 ശതമാനം തുക കേന്ദ്ര സർക്കാർ ഫണ്ടാണ്. ബാക്കി 30 ശതമാനമാകും സ്വകാര്യ കമ്പനികൾ വഹിക്കുക. പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമല്ല ഇനിമുതൽ സ്വകാര്യ കമ്പനികളും പ്രതിരോധ രംഗത്തുണ്ടാകും എന്നർത്ഥം. ഇതിലൂടെ പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി സൈന്യത്തിലെ സ്വദേശി വൽക്കരണം ശക്തമാക്കാൻ സാധിക്കും.

പാകിസ്ഥാനുമായും ചൈനയുമായും അതിർത്തി പങ്കിടുന്ന മലനിരകളിൽ നിലവിലെ ടി-72 അജയ് ടാങ്കുകൾ പ്രവർത്തിക്കുമ്പോൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിന് പരിഹാരമായി മീഡിയം വെയ്‌റ്റ് പ്‌ളാറ്റ്‌ഫോമിലാകും ഫ്യൂച്ചർ റെഡി കോംബാറ്റ് വെഹിക്കിളുകൾ ഇന്ത്യ തയ്യാറാക്കുന്നത്. നാല് സൈനികർക്ക് ഒരേസമയം പ്രവർത്തിക്കാവുന്ന ഇവയ്‌ക്ക് 55 ടൺ ഭാരമുണ്ടാകും. പ്രധാന പീരങ്കിക്ക് 120 എംഎംഓ അതിൽ കൂടുതലോ ആകും വലിപ്പം. ഒരു മിനിട്ടിൽ എട്ട് ഷെല്ലുകളെ വരെ ഇവ വിക്ഷേപിക്കും. ശത്രുരാജ്യങ്ങളുടെ മിസൈലുകളെ തകർക്കുന്ന 360 ഡിഗ്രി ആക്‌ടീവ് പ്രൊട്ടക്ഷൻ സിസ്റ്റം (എപിഎസ്) ഇതിലുണ്ട്. ഇതിനുപുറമേ ഡ്രോൺ, ഗൈഡഡ് മിസൈൽ എന്നിവ ഉപയോഗിച്ച് 15 കിലോമീറ്റർ ദൂരപരിധിയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന പ്രതിരോധ സംവിധാനവും ഉണ്ടാകും. പുറമേയുള്ളത് പൂർണമായും കാണാവുന്ന സീത്രൂ സാങ്കേതിക വിദ്യ ഇതിലുണ്ട്. പുത്തൻ സെൻസറുകളും ഡിജിറ്റൽ ഡിസ്‌പ്ളേയും ഈ ടാങ്കിൽ ഉപയോഗിക്കും.
അതീവ മികവാർന്നതാകും ടാങ്കിലെ ഡ്രോൺ സംവിധാനം. ഓൺബോർഡ് നെസ്റ്റ് സംവിധാനം വഴി ശത്രുക്കളുടെ സ്ഥാനങ്ങൾ നേരിൽ കണ്ട് നിരീക്ഷിക്കാനും ശത്രുക്കളെ ടാങ്കിലിരുന്നുതന്നെ കണ്ടെത്താനും കഴിയുന്നതാണ് ഇതിലെ ഡ്രോൺ. ഓട്ടോമേറ്റഡ് ടാർഗറ്റ് ഡിറ്റക്ഷൻ സംവിധാനം ഇതിലുണ്ട്. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളെ തകർക്കുന്നതാണിത്. 1500 ഹോഴ്‌സ് പവറാകും എഞ്ചിൻ. അടുത്ത വർഷത്തിനകം നിർമ്മാണ ഏജൻസി ഏതെന്ന് അറിയാനാകും. ടാങ്കിന്റെ പ്രോട്ടോടൈപ്പ് 2028-29ലാകും പുറത്തിറങ്ങുക. പദ്ധതി ചെലവ് 6.7 ബില്യൺ ഡോളർ (57000 കോടി) ആണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ കൈയിലെ ഇതിന് സമാനമായ ടാങ്കുകളിൽ ഒരെണ്ണത്തിന് 30 മുതൽ 42 കോടി വരെയാണ് ചെലവ്. ഇന്ത്യയിലേത് എത്രയാകും എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. മൂന്ന് ഘട്ടമായി 1770 ടാങ്കുകൾ ഇന്ത്യ നിർമ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |