
മോഹൻലാൽ - തരുൺമൂർത്തി ചിത്രം മുംബയിൽ. ദൃശ്യം 3 , വാഴ 2 എന്നീ ചിത്രങ്ങൾ ഏപ്രിൽ 2ന് വമ്പൻ ക്ളാഷിന് ഒരുങ്ങുമ്പോൾ അടുത്ത ക്ളാഷ് പൂജാ റിലീസായിരിക്കും എന്ന് ഉറപ്പായി. മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും അമൽ നീരദിന്റെ ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗമായ ബാച്ച് ലർ പാർട്ടി D"EUX തമ്മിൽ ആണ് ഏറ്റുമുട്ടുന്നത്.
ഒക്ടോബർ 15ന് താര രാജാവായ മോഹൻലാലും യുവതാര നിരയും ഏറ്റുമുട്ടും. ദൃശ്യം 3-യും പുതുതാര നിരയുമായി എത്തുന്ന വാഴ 2-വുമായി ഉണ്ടാകുന്ന ക്ളാഷിന് സമാനമാണിത്. അതേസമയം തൊടുപുഴയിൽ നിന്ന് മോഹൻലാൽ -തരുൺ മൂർത്തി ചിത്രം അടുത്ത ദിവസം മുംബയ്യിലേക്ക് ഷിഫ്ട് ചെയ്യും. തുടരും എന്ന ബ്ളോക് ബസ്റ്ററിനുശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒരുമിക്കുന്ന ചിത്രത്തിൽ എസ്.ഐ ലൗലജൻ എന്ന കഥാപാത്രം ആണ് ലാലിന്. മീര ജാസ്മിൻ ആണ് നായിക. ബിനു പപ്പു, ഇർഷാദ്, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
രചന രതീഷ് രവി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. അമൽ നീരദിന്റെ സിനിമകളിൽ കൾട്ട് ആരാധകരുടെ ചിത്രം ആയ ബാച്ച് ലർ പാർട്ടിക്ക് രണ്ടാംഭാഗം വരുന്നത് പ്രതീക്ഷയോടെയാണ് ആരാധകലോകം കാണുന്നത്. ഫ്രഞ്ച് ഭാഷയിൽ D"EUX എന്നാൽ രണ്ട് എന്നാണ് അർത്ഥം. നസ്ളിൻ, സൗബിൽ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാവി , ഷൈൻ ടോം ചാക്കോ എന്നിവരോടൊപ്പം ടൊവിനോ തോമസ് അതിഥി വേഷത്തിൽ എത്തുന്നു. രജിഷ വിജയൻ, ജ്യോതിർമയി , നദിയ മൊയ്തു , ഹൻസിക എന്നിവരാണ് മറ്റുതാരങ്ങൾ.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഒപ്പത്തിന്റെ ഹിന്ദി റീമേക്കായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. സെയ്ഫ് അലിഖാനും അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അതിഥി താരമായി മോഹൻലാലുമുണ്ട്. മോഹൻലാലിന്റെ കഥാപാത്രം പ്രേക്ഷകർക്ക് സർപ്രൈസ് ആയിരിക്കും. ബൊമൻ ഇറാനി, ഷരീബ്, ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്നു. കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |