
#മാളികപ്പുറം മേൽശാന്തി
നിക്ഷേപിച്ചത് 46.5 ലക്ഷം
കൊച്ചി: ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ബാങ്ക്/പോസ്റ്റ് ഓഫീസ് ഇടപാടുകൾ.
മാളികപ്പുറം മേൽശാന്തി 2025 നവംബർ 17 മുതൽ ഡിസംബർ 31വരെ സന്നിധാനത്തെ എസ്.ബി.ഐ ബ്രാഞ്ചിൽ നിക്ഷേപിച്ചത് 46.51 ലക്ഷം രൂപ. സഹായി 1.17 ലക്ഷത്തിന്റെ ഇടപാടുകളും നടത്തി. ദക്ഷിണ കിട്ടിയ പണമെന്നാണ് മൊഴിനൽകിയതെന്നും ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
എസ്.ബി.ഐ സന്നിധാനം ബ്രാഞ്ചിൽ ഇക്കാലയളവിൽ 8.08 കോടി രൂപയുടെ 1667 ഇടപാടുകളാണ് ശാന്തിമാരും കീഴ്ശാന്തിമാരും ഹോട്ടലുകാരും നടത്തിയത്. ധനലക്ഷ്മി ബാങ്കിൽ 941 ഇടപാടുകളിലായി 11.45 കോടി മറിഞ്ഞു. മേൽശാന്തി, ശാന്തിമാർ, ദിവസക്കൂലിക്കാർ, കുത്തകപ്പാട്ടക്കാർ തുടങ്ങി 18 അക്കൗണ്ടുകളിൽ നിന്നാണിത്. ചിലർ ആടിയശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ പ്രതികളാണെന്നും കോടതി നിരീക്ഷിച്ചു.
പോസ്റ്റ് ഓഫീസ് വഴി 14.08 ലക്ഷം രൂപയുടെ മണി ഓർഡറുകൾ അയച്ചതും കണ്ടെത്തി. ദിവസക്കൂലിക്കാർ, ശുചീകരണക്കാർ, കടയുടമകൾ തുടങ്ങി 16 പേരാണ് ഇത്രയും തുക അയച്ചതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
പണം ദുരുപയോഗം തടയാനുള്ള മാർഗങ്ങൾ വ്യക്തമാക്കി ഇന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്രിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വംബോർഡിനോടും നിർദ്ദേശിച്ചു.
ശബരിമല സ്പെഷ്യൽ കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണം.
പഴുതുകൾ പലതുണ്ട്
തീർത്ഥാടകർ സമർപ്പിക്കുന്ന പൂജാ സാമഗ്രികൾക്കൊപ്പമുള്ള നോട്ടുകളും നാണയങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ അറിയാതെ ചിലർ കൈക്കലാക്കുന്നതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. നെയ്യഭിഷേകത്തിനും മറ്റും ഭക്തരെ സഹായിച്ച് ആനൂകൂല്യം പറ്റുന്നവരുമുണ്ട്. ഭണ്ഡാരങ്ങൾ തുറക്കുമ്പോൾ താഴെ വീഴുന്ന പണവും കൈക്കലാക്കുന്നു.
ദിവസക്കൂലിക്ക് പ്രതിദിനം 650 രൂപ നിരക്കിൽ ആവശ്യത്തിലധികം ആളുകളെ വയ്‌ക്കുന്നത് മുതലെടുപ്പിന് അവസരമാകുന്നു. ഇവരിൽ ചിലർ സമാന്തരമായി ഭാഗ്യക്കുറി വിറ്റിരുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഡ്യൂട്ടി പോയിന്റുകളുടെ എണ്ണത്തിന് അനുസരിച്ച് ദിവസ വേതനക്കാരെ നിയമിച്ചാൽ മതിയെന്ന് നിർദ്ദേശിക്കണമെന്നും പണം കൈകാര്യം ചെയ്യുന്നിടത്ത് അടക്കം മാസ പൂജാ സമയത്തും പൊലീസിനെ വിന്യസിക്കണമെന്നും ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |