
ചേർത്തല:വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും കാറുകൾ അപഹരിക്കുകയും ചെയ്ത കേസിൽ മൂന്നു പേർ പിടിയിൽ.ഒന്നാം പ്രതി ചേർത്തല തെക്ക് ആശാരിപ്പറമ്പ് വീട്ടിൽ സതീഷ് (കുരിട്–34), അഞ്ചാം പ്രതി കൊല്ലം പെരുമ്പള്ളിക്കര
ഞാറക്കൽ പതിമൂന്നാം വാർഡ് വേലിക്കകത്ത് വീട്ടിൽ ജോസഫ് ലിബിൻ ഡിക്രൂസ് (30),ആറാം പ്രതി എറണാകുളം ഉദയംപേരൂർ പാലത്തിങ്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (28)എന്നിവരെയാണ് അർത്തുങ്കൽ പൊലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 20 നാണ് കേസിനാസ്പദമായ സംഭവം. ചേർത്തല സ്വദേശിയായ യുവാവിനെയാണ് സംഘം തട്ടികൊണ്ടുപോയി മർദ്ദിച്ചത്.
കൊലപാതകവും വധശ്രമവും ഉൾപ്പെടെ 13 ഓളം കേസുകളിൽ പ്രതിയാണ് ഒന്നാം പ്രതി കുരിട് സതീഷ്.അഞ്ചാം പ്രതിയായ ജോസഫ് ലിബിൻ ഡിക്രൂസിന്റെ പേരിൽ എറണാകുളത്തു നിരവധി കേസുകളുണ്ട്. ഏഴാം പ്രതിയായ കലേഷ് അരൂർ പൊലിസ് സ്റ്റേഷനിൽ നിരവധി കേസുള്ളയാളും റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്.കേസിൽ 10 പ്രതികളാണുള്ളത്.മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്നും ഉടൻ പിടിയിൽ ആകുമെന്നും പൊലിസ് പറഞ്ഞു.എസ്.ഐ ഡി.സഞ്ജീവ് കുമാർ, എ.എസ്.ഐ കെ.ആർ.ബൈജു,സീനിയർ സി.പി.ഒ ജിതിൻ,സി.പി.ഒമാരായ നന്ദുലാൽ,യദു പ്രിയ, ഡിവൈ.എസ്.പി സ്‌ക്വാഡിലെ സീനിയർ സി.പി.ഒ ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |