
പൂവാർ(തിരുവനന്തപുരം): കുംഭമേള വൈറൽ സുന്ദരി മോണലിസയ്ക്ക് സിനിമയെ വെല്ലുന്ന പ്രണയ സാഫല്യം. സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി മോണലിസയും കാമുകൻ ഫർമാൻഖാനും പൂവാറിലുണ്ടായിരുന്നു.
സംവിധായകൻ പി.കെ. ബിനു വർഗീസിന്റെ ടീം അംഗമാണ് അരുമാനൂർ സ്വദേശി ജോഷ്വാ റൊണാൾഡോ. അദ്ദേഹത്തിത്തിന്റെ നിർദ്ദേശപ്രകാരം ബന്ധുവായ ജയകുമാറിന്റെ വീട്ടിലാണ് ഇവർ താമസിച്ചുവന്നിരുന്നത്.
അതിനിടെ പിതാവ് മോണലിസയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാനെത്തി. ഇക്കാര്യം അറിഞ്ഞതോടെ മദ്ധ്യപ്രദേശുകാരിയായ മൊണാലിസ ഭോസ്ലേയും മഹാരാഷ്ട്രക്കാരനായ ഫർമാൻ ഖാനും ഇന്നലെ രാവിലെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയംതേടി. പ്രണയം വീട്ടുകാർ എതിർക്കുന്നുവെന്നും സംരക്ഷണം നൽകണമെന്നുമായിരുന്നു അപേക്ഷ. ഒന്നരവർഷമായി പ്രണയത്തിലാണെന്നും വിവാഹിതരാകാൻ അനുവദിക്കണമെന്നും പറഞ്ഞു.
ഒരു പകൽ നീണ്ട പലതരം ഇടപെടലുകൾക്കൊടുവിൽ ഇന്നലെ വൈകിട്ട് 5.30ന് അരുമാനൂർ നയിനാർദേവ ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി, എ. എ. റഹിം എം.പി തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു.
വ്യത്യസ്ത മതങ്ങളിൽപ്പെട്ട മൊണാലിസയുടെയും ഫർമാൻഖാന്റെയും പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. പ്രശ്നം മനസിലാക്കിയ പൊലീസ് പിതാവ് ജയ് സിംഗ് ഭോസ്ലെയെയും സിനിമാസംഘത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
തങ്ങളുടെ ഗ്രാമത്തിലെ രീതി അനുസരിച്ച് പെൺകുട്ടിയെ മറ്റൊരു സമുദായത്തിലോ ഗ്രാമത്തിലോ വിവാഹം കഴിപ്പിച്ച് അയയ്ക്കാറില്ലെന്ന് ജയ് സിങ് ഭോസ്ലെ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് പൊലീസ് നിയമ നടപടികളിലേക്ക് നീങ്ങിയത്. കേരളത്തിൽ താമസമാക്കാനാണ് താത്പര്യമെന്ന് ഇരുവരും വാർത്താലേഖകരോട് പറഞ്ഞു. മോണാലിസയുടെ വിവാഹം റിപ്പോർട്ടു ചെയ്യാൻ നയിനാർ ക്ഷേത്രത്തിൽ മാദ്ധ്യമങ്ങൾ തിരക്കുകൂട്ടി. ലൈവായി ചടങ്ങുകൾ സംപ്രേക്ഷണം ചെയ്തു. ക്ഷേത്രപരിസരത്ത് ജനം തട്ടിച്ചുകൂടിയിരുന്നു.
10-ാം വയസിൽ
വിവാഹം ഉറപ്പിച്ചു
പത്ത് വയസുള്ളപ്പോൾ പിതാവ്, പിതാവിന്റെ സഹോദരിയുടെ മകനുമായി വിവാഹം നിശ്ചയിച്ചിരുന്നെന്ന് മൊണാലിസ പറഞ്ഞു. മറ്റുള്ളിടത്ത് തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്നതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഫർമാൻഖാനും പറഞ്ഞു. നാഗമ്മ എന്ന ചിത്രത്തിലൂടെയാണ് മൊണലിസ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |