
യാത്രക്കാർ സുരക്ഷിതർ
ഹൈദരാബാദ്: ലാൻഡിംഗ് ഗിയർ തകർന്നു. ഏറെ നേരത്തെ ആശങ്കയ്ക്കൊടുവിൽ റൺവേയിലൂടെ നിരങ്ങി ലാൻഡ് ചെയ്ത് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഹൈദരാബാദിൽ നിന്ന് തായ്ലൻഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്.
ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. 131 യാത്രക്കാരും ഏഴ് ജീവനക്കാരുമാണുണ്ടായിരുന്നത്.
ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ ബോയിംഗ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട വിമാനത്തിന്റെ മുൻവശത്തെ ലാൻഡിംഗ് ഗിയർ തകരുകയായിരുന്നു. ഇതോടെ വിമാനം റൺവേയിലൂടെ നിരങ്ങിനീങ്ങി.
മുൻചക്രം ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും മുൻഭാഗത്തെ ഭാരം താങ്ങുന്നതിനും നിർണായകമായ ഭാഗമാണ് ഈ ചക്രം. അടിയന്തര രക്ഷാസംഘവും വിമാനത്താവള അധികൃതരും അതിവേഗം സുരക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രക്കാരെ പെട്ടെന്ന് പുറത്തെത്തിച്ചു. ഇവരെ നിലവിൽ വിമാനത്താവളത്തിലെ പ്രത്യേക കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
റൺവേ താത്കാലികമായി അടച്ചു. പ്രതിസന്ധി ഘട്ടത്തിൽ സഹകരിച്ച യാത്രക്കാർക്കും ഫുക്കറ്റ് വിമാനത്താവള അധികൃതർക്കും എയർ ഇന്ത്യ നന്ദി അറിയിച്ചു. ഹാർഡ് ലാൻഡിംഗും ലാൻഡിംഗ് ഗിയറും തകരാനിടയായതെന്തെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |