
നിയന്ത്രണം പൂഴ്ത്തിവയ്പ് തടയാൻ
ന്യൂഡൽഹി: ബുക്ക് ചെയ്താൽ രണ്ടര ദിവസത്തിനുള്ളിൽ പാചകവാത സിലിണ്ടർ ലഭിക്കുമെന്ന് ഉറപ്പ് നൽകുന്ന കേന്ദ്ര സർക്കാർ, പക്ഷേ ബുക്കിംഗ് നടത്താൻ 45 ദിവസം കഴിഞ്ഞിരിക്കണമെന്ന ഉപാധി ഏർപ്പെടുത്തി. രാജ്യത്തെ ഗ്രാമീണ മേഖലകളിലാണ് ഈ ഇടവേള നിർബന്ധമാക്കിയത്. നഗരമേഖലകളിൽ 25 ദിവസത്തെ ഇടവേള നേരത്തേ നടപ്പാക്കിയിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പല പ്രതിബന്ധങ്ങളും മറികടന്ന് പ്രകൃതി വാതകവും ക്രൂഡ് ഓയിലും രാജ്യത്ത് എത്തിക്കുന്നുണ്ടെങ്കിലും പരിമിതമായ തോതിലാണത്. ജനങ്ങൾ പരിഭ്രാന്തരായി കൂട്ടത്തോടെ ബുക്കിംഗ് നടത്തുന്നത് ഒഴിവാക്കാനും പൂഴ്ത്തിവയ്പ് തടയാനുമാണ് നിയന്ത്രണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ലോക്സഭയിൽ അറിയിച്ചു. രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയ്ക്കും ക്ഷാമമില്ല. എൽ.പി.ജി വിതരണത്തിൽ യാതൊരു തടസവും ഇല്ലെന്ന് മന്ത്രി അവകാശപ്പെട്ടു. തട്ടിപ്പ് തടയാൻ ഉപഭോക്താവിന്റെ രജിസ്റ്റേർഡ് മൊബൈൽ നമ്പരിൽ ലഭിക്കുന്ന കോഡ് പ്രകാരം മാത്രമേ സിലിണ്ടർ വിതരണം ചെയ്യൂ.
കരിഞ്ചന്ത തടയാനാണ് വാണിജ്യ എൽ.പി.ജിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രജിസ്ട്രേഷനും ബുക്കിംഗും ഡിജിറ്റൽ കോഡും ഇല്ലാതെ സിലിണ്ടർ വാങ്ങാമെന്നതിനാൽ ചിലർ അമിതമായി സിലിണ്ടറുകൾ വാങ്ങിക്കൂട്ടുന്നു. അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന കടുത്ത നിലപാടിലാണ് ഇറാൻ. മുന്നറിയിപ്പ് അവഗണിച്ച ഇറാക്കി ക്രൂഡ് ഓയിൽ ടാങ്കറുകളായ എക്സ്പ്രസ് റോം, മയൂരി നരീ എന്നിവയെ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.
ഹോട്ടലുകളെ ആശ്രയിച്ചവർ
ഭക്ഷണത്തിന് നൊട്ടോട്ടം
എസ്.ഷാജിലാൽ
തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണം മാത്രം ആശ്രയിച്ചു കഴിയുന്നവരുടെയും ഹോട്ടൽജീവനക്കാരുടെയും ജീവിതം പാടേ വഴിമുട്ടി. വാണിജ്യ സിലിണ്ടർ കിട്ടാക്കനിയായതോടെ സംസ്ഥാനത്താകെ ഹോട്ടലുകളും തട്ടുകടകളും കൂട്ടത്തോടെ പ്രവർത്തനം നിറുത്തി. വിശപ്പടക്കാൻ ഭക്ഷണശാലകൾ എവിടെയുണ്ടെന്ന് അന്വേഷിച്ച് അലയുകയാണ് വിവിധ മേഖലകളിൽ പണിയെടുക്കുന്നവർ. വീടുവിട്ടു താസിക്കുന്ന വിദ്യാർത്ഥികളും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ശനിയാഴ്ചമുതലാണ് വാണിജ്യ സിലിണ്ടർ കിട്ടാതായത്.
ചില ഹോട്ടലുകൾ വിറക് അടുപ്പിൽ ഭക്ഷണം പാകം ചെയ്ത് നൽകുന്നുണ്ട്. വിഭവങ്ങൾ കുറച്ചും ഭക്ഷണ ഇനങ്ങൾ ഒന്നോ രണ്ടോ ആക്കിയും പ്രവർത്തിക്കുന്ന ചില ഹോട്ടലുകളുമുണ്ട്. അവിടങ്ങളിലും റെയിൽവേ ക്യാന്റീനുകളിലും വൻ തിരക്കാണ്. ഗ്രാമീണ മേഖലയിലെ ഹോട്ടലുകൾ പോലും വിറകടുപ്പിലേക്ക് മാറാൻ പ്രയാസപ്പെടുകയാണ്. നഗരങ്ങളിൽ വിറകടുപ്പിന്റെ സാദ്ധ്യതയും വിറകിന്റെ ലഭ്യതയും പരിമിതമാണ്, വിറകടുപ്പിലെ പാചകത്തിന് കൂടുതൽ സമയം വേണ്ടിവരുന്നതും പ്രശ്നമാണ്.
ഗാർഹിക സിലിണ്ടറുകൾക്ക് നിലവിൽ ക്ഷാമമില്ലെന്ന് അധികൃതർ പറയുന്നുണ്ട്. എന്നാൽ, അതും കിട്ടാത്ത സ്ഥിതിയാണ്. ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. ബുക്ക് ചെയ്താലും യഥാസമയം കിട്ടുന്നില്ല.
അവശ്യവിഭാഗങ്ങൾക്ക് പരിഗണന
വാണിജ്യ സിലിണ്ടർ കിട്ടാനില്ലാത്ത സാഹചര്യം നിലനിൽക്കെ അവശ്യമേഖലയിലെ സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ തേടുകയാണ് പാചകവാതക കമ്പനികൾ. വിതരണ ഏജൻസികളോട് പട്ടിക ആവശ്യപ്പെട്ടു. ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിങ്ങനെയുള്ള ഇടങ്ങളിൽ ആവശ്യമായ സിലിണ്ടറുകൾ നൽകാനാണ് ശ്രമം. ഇത്തരം സ്ഥാപനങ്ങൾക്ക് മുൻഗണന ലഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |