SignIn
Kerala Kaumudi Online
Friday, 13 March 2026 10.29 PM IST

ഓമനമൃഗങ്ങളെ കൊടുംവെയിലിൽ മരുഭൂമിയിൽ ഉപേക്ഷിക്കുന്നു; ദുബായിലെ പ്രവാസികൾ ഇപ്പോൾ ചെയ്യുന്നത്

Increase Font Size Decrease Font Size Print Page
dog

ഇസ്രയേൽ - അമേരിക്ക സഖ്യവുമായുള്ള ഇറാന്റെ യുദ്ധം പൂർണമായി അവസാനിച്ചിട്ടില്ല. ഫെബ്രുവരി 28ന് ആരംഭിച്ച അപ്രതീക്ഷിത യുദ്ധത്തിന്റെ പരിണിതഫലങ്ങൾ ഈ രാജ്യങ്ങളിലുള്ളവർ മാത്രമല്ല അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇറാന്റെ പ്രത്യാക്രമണത്തിൽ കൂടുതൽ തിരിച്ചടി നേരിട്ടത് ഗൾഫ് രാജ്യങ്ങളാണ്. ഇറാൻ അമേരിക്കയുടെ സൈനികതാവളങ്ങളിലേക്ക് നടത്തിയ മിസൈൽ ആക്രമണങ്ങളിൽ കുവൈ​റ്റ്, ബഹ്‌റൈൻ, ഒമാൻ, ഖത്തറടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ വലിയ നാശനഷ്ടമാണ് സംഭവിച്ചത്.

പ്രവാസികളടക്കം ഈ രാജ്യങ്ങളിലുള്ളവർക്ക് അഭയകേന്ദ്രങ്ങൾ തേടി താമസസ്ഥലങ്ങൾ വിട്ടുപോകേണ്ടിയും വന്നു. ഇതിന്റെ പ്രതിഫലനം കണ്ടത് ദുബായിലെ പാതയോരങ്ങളിലാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദുബായ് പാതയോരങ്ങൾ നായ്ക്കളെയും പൂച്ചക്കുട്ടികളെയും മുയലുകളെയും കൊണ്ട് നിറഞ്ഞെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഘർഷത്തെ തുടർന്ന് താമസകേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവർ ഉപേക്ഷിച്ച വളർത്തു മൃഗങ്ങളാണവ. കഴിഞ്ഞ പത്തുദിവസമായി ദുബായിലെ അവസ്ഥ ഇതാണെന്നാണ് വളർത്തുമൃഗപരിപാലകർ പറയുന്നത്. ചിലർ വളർത്തുമൃഗങ്ങളെ എങ്ങനെ വേദനയില്ലാതെ കൊല്ലാമെന്ന് അന്വേഷിക്കുന്നത് വർദ്ധിക്കുന്നുണ്ടെന്നും മ​റ്റുചിലർ തങ്ങളുടെ അരുമ മൃഗങ്ങളെ ഉപേക്ഷിക്കുകയാണെന്നുമാണ് പറയുന്നത്.

kitty

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) ഇരുപത് ലക്ഷത്തിലധികം വളർത്തുമൃഗങ്ങളുണ്ട്. ദുബായിലും മേഖലയിലുടനീളം പൂച്ചകളുടെ എണ്ണം നായ്ക്കളെക്കാൾ രണ്ടിൽ ഒന്ന് എന്ന വ്യത്യാസത്തിൽ കൂടുതലാണ്. റിപ്പോർട്ടുകൾ പ്രകാരം വളർത്തുമൃഗ ഉടമകളിൽ 64.98 ശതമാനവും പൂച്ചകളെ സ്നേഹിക്കുന്നവരാണ്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾകൊണ്ട് ദുബായിലെ പല ഷെൽട്ടറുകളും നിറഞ്ഞിരിക്കുകയാണ്.

യുഎഇയിൽ നായ്ക്കളെ പുനരധിവസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന കെ9 ഫ്രണ്ട്സും വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് വർദ്ധിച്ചുവരികയാണെന്ന് പറയുന്നുണ്ട്. പല മൃഗസംരക്ഷകരുടെയും വീടിനുമുന്നിൽ ജനങ്ങൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന ശൈലിയും കണ്ടുവരുന്നുണ്ട്. സംഘർഷം കാരണം സ്വന്തം രാജ്യത്തേക്ക് മടങ്ങുകയാണെന്നും തങ്ങളുടെ ഓമനകളെ സംരക്ഷിക്കണമെന്ന തരത്തിലുള്ള കുറിപ്പുകളും എഴുതിവയ്ക്കുന്നുണ്ട്.

dogs

എന്നാൽ ചിലർ ഡ്രോൺ ആക്രമണങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതായി ഒരു മൃഗസംരക്ഷകൻ പറഞ്ഞു. മ​റ്റുചിലരാകട്ടെ പാർക്കുകളിൽ മുയലുകളെ പ്രത്യേക കൂടുകൾക്കുള്ളിലാക്കി ഭക്ഷണവും വെള്ളവും നിറച്ചുവച്ചതിനുശേഷമാണ് ഉപേക്ഷിക്കുന്നതെന്നും മൃഗസംരക്ഷകർ പറയുന്നു. ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന 53കാരിയായ ക്ലെയർ ഹോപ്കിൻസ് പറയുന്നത്, യുദ്ധം തുടങ്ങിയപ്പോൾ ചിലർ വളർത്തുമൃഗങ്ങളെ ദയാവധം ചെയ്യുന്നതിനെക്കുറിച്ച് വിദഗ്ധരോട് അഭിപ്രായം ചോദിച്ചിരുന്നു. ഇത് വെറുപ്പുളവാക്കുന്നതാണെന്നാണ് അവർ പറയുന്നത്.

സംഘർഷ സാഹചര്യങ്ങൾ കൊണ്ട് മറ്റുരാജ്യങ്ങളിലേക്ക് പാലായനം ചെയ്യാൻ ശ്രമിക്കുന്ന ചില പ്രവാസികൾ വിമാന യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലോ ഭീമൻ ചെലവുകൾ വഹിക്കുന്നതിലോ ഉള്ള വെല്ലുവിളികൾ കാരണം വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നുണ്ട്.ചിലർ ഒമാൻ അതിർത്തി കടക്കുമ്പോൾ മൃഗങ്ങളെ മരുഭൂമിയിൽ ഉപേക്ഷിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യങ്ങൾ മൃഗസ്നേഹികളെയും മൃഗസംരക്ഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

pets

അതേസമയം, സംഘർഷസമയത്ത് ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ പരിചരിക്കുന്ന ഒരു ചാരിറ്റി സംഘടനയായ വാർ പാവ്സ് ഇത്തരം സാഹചര്യങ്ങളിൽ മൃഗങ്ങളെ ഉപേക്ഷിക്കുന്നത് ഒരു പുതിയ പ്രശ്നമല്ലെന്നാണ് പറയുന്നത്.ഇത് ദുബായിലെ മാത്രം പ്രശ്നമല്ലെന്നും ഇറാഖിലും യുക്രെയ്‌നിലും വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാറുണ്ടെന്നും വാർ പാവ്‌സിന്റെ സിഇഒ ലൂയിസ് ഹാസ്റ്റി പറഞ്ഞു.

എഐ സംരംഭം

തെരുവുകളിലുള്ള മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി അടുത്തിടെ എഐയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ അവതരിപ്പിച്ചിരുന്നു. "എഹ്സാൻ സ്റ്റേഷനുകൾ" എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭത്തിൽ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ 12 യൂണിറ്റുകൾ സ്ഥാപിക്കും. തെരുവ് മൃഗങ്ങളെ തിരിച്ചറിയുന്നതിനും പ്രസക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഭക്ഷണം വിതരണം ചെയ്യുന്നതിനും സ്റ്റേഷനുകൾ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഒരു മാദ്ധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതിലെ പ്രതിസന്ധിക്ക് മറുപടിയായാണോ ഈ പദ്ധതി ആരംഭിച്ചതെന്ന് വ്യക്തമല്ല.

TAGS: EXPATS, PET, DUBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.