
ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസൺ. ഫൈനലിൽ സഞ്ജു നേടിയ 89 റൺസാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. പ്ലേയർ ഓഫ് ദി ടൂർണമെന്റ് പട്ടവും മലയാളി താരം സ്വന്തമാക്കി. അടുത്തതായി ഐപിഎൽ 2026 സീസണിനായുള്ള തയ്യാറെടുപ്പിലാണ് താരം. ഇത്തവണ ചെന്നെ സൂപ്പർ കിംഗ്‌സ് താരമായാണ് സഞ്ജു കളത്തിലിറങ്ങുന്നത്.
ഐപിഎല്ലിന് മുൻപുതന്നെ സഞ്ജുവിന്റെ ആസ്‌തി 100 കോടിയിലേയ്ക്ക് കടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയ സഞ്ജുവിന് ശമ്പളമായി ലഭിക്കുക 18 കോടി രൂപയാണ്. ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുക 131 കോടി രൂപ. ടീമിലെ ഓരോ അംഗത്തിനും ആറുകോടി രൂപ വീതം ലഭിക്കും. കൂടാതെ ലോകകപ്പിലെ താരമായി തിരഞ്ഞെടുത്ത വകയിൽ ഐസിസിയിൽ നിന്ന് 23 ലക്ഷം രൂപ കൂടി ലഭിക്കും.
ഇതോടെ താരത്തിന്റെ കയ്യിലെത്തുക 24.23 കോടി രൂപയാണ്. 2026 മാർച്ചിലെ കണക്കനുസരിച്ച് സഞ്ജുവിന്റെ മൊത്തം ആസ്‌തി 85ൽ നിന്ന് 100 കോടി വരെയായി ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പ് വിജയത്തിന് പിന്നാലെ ബാറ്റിംഗ് റാങ്കിംഗിലും സഞ്ജു മുന്നേറ്റം നടത്തിയിരിക്കുകയാണ്. 18 സ്ഥാനം മെച്ചപ്പെടുത്തിയ സഞ്ജു 22-ാം റാങ്കിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |