
കൊച്ചി: എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്കുകളും സ്കൂട്ടറുകളും കടത്തിക്കൊണ്ട് പോകുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേവര പെരുമാനൂർ പുളിക്കൽ വീട്ടിൽ ഡെൽനോ സാബുവാണ് (19) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
കുണ്ടന്നൂർ-മരട് റോഡിലെ പെട്രോൾ പമ്പിന് സമീപം മരട് പൊലീസിന്റെ വാഹനപരിശോധനയ്‌ക്കിടെയാണ് കുടുങ്ങിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തിയ ഡെൽനോയെ പൊലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. എറണാകുളം കച്ചേരിപ്പടി ദിയ പൂക്കടയ്‌ക്ക് സമീപത്ത് നിന്ന് അടുത്തിടെ കടത്തിയ ബൈക്കിലാണ് സഞ്ചരിച്ചത്. പത്തനംതിട്ട അടൂർ സ്വദേശിയുടേതാണ് ബൈക്ക്.
കടവന്ത്ര സ്റ്റേഷൻ പരിധിയിലെ ബൈക്കുകളും കടത്തിക്കൊണ്ട് പോയതായി പൊലീസ് പറഞ്ഞു. ഹൈക്കോടതി, ബോട്ട്ജെട്ടി, ആശുപത്രി ജംഗ്ഷൻ തുടങ്ങി നിരവധി ഇടങ്ങളിൽ നിന്ന് അടുത്തിടെ ഇരുച്ചക്രവാഹനങ്ങൾ മോഷണം പോയിരുന്നു. സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐമാരായ ഹരികൃഷ്ണൻ, രാംലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |