SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.48 AM IST

പശ്ചിമേഷ്യൻ യുദ്ധം : അനുനയ ചർച്ചയ്ക്ക് ഇപ്പോൾ തയ്യാറല്ലെന്ന് ട്രംപ്

Increase Font Size Decrease Font Size Print Page
pic

 വീണ്ടും ആക്രമണ ഭീതിയിൽ ഖാർഗ് ദ്വീപ്
 ആക്രമണം നിറുത്താതെ ചർച്ചയ്ക്കില്ലെന്ന് ഇറാൻ

ടെഹ്റാൻ: നയതന്ത്ര ചർച്ചകൾക്ക് ഒമാൻ അടക്കം മിഡിൽ ഈസ്റ്റ് സഖ്യ രാജ്യങ്ങൾ ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചു. വെടിനിറുത്തൽ കരാറിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഇപ്പോൾ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാന്റെ ഖാർഗ് ദ്വീപിനെ വീണ്ടും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ,​ വ്യവസ്ഥകൾ ഇതുവരെ തങ്ങൾക്ക് സ്വീകാര്യമല്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുകയാണ് ട്രംപിന്റെ ലക്ഷ്യം. യു.എസും ഇസ്രയേലും ആക്രമണം അവസാനിപ്പിക്കാതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കടന്നുപോകുന്ന പേർഷ്യൻ ഉൾക്കടലിലുള്ള ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളിൽ യു.എസ് കഴിഞ്ഞ ദിവസം ബോംബിട്ടിരുന്നു. നിലവിൽ എണ്ണ കേന്ദ്രങ്ങൾ സുരക്ഷിതമാണ്.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന് യു.കെ, ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടില്ല. എന്നാൽ, ഹോർമുസിന്റെ സുരക്ഷയ്ക്കായി നിരവധി മാർഗങ്ങൾ സഖ്യ കക്ഷികളുമായി ചർച്ച ചെയ്യുന്നുണ്ടെന്ന് യു.കെ പ്രതികരിച്ചു.

# വ്യോമപാത നിഷേധിച്ച്

സ്വിറ്റ്സർലൻഡ്

 യു.എസ് സൈനിക വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ച് സ്വിറ്റ്സർലൻഡ്. രാജ്യത്തിന്റെ നിഷ്പക്ഷ നിലപാട് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, യുദ്ധവുമായി ബന്ധമില്ലാത്ത യു.എസിന്റെ മൂന്ന് സൈനിക വിമാനങ്ങൾക്ക് വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകി

 യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ ഇസ്‌ഫഹാനിൽ റഫ്രിജറേറ്റർ ഫാക്ടറി തകർന്ന് 15 പേർ കൊല്ലപ്പെട്ടു. ടെഹ്റാൻ, തബ്രിസ്, ബന്ദർ അബ്ബാസ് തുടങ്ങിയ നഗരങ്ങളിലും സ്ഫോടനങ്ങളുണ്ടായി. ഇറാനിലെ മരണം 3,000 കടന്നിരിക്കാമെന്ന് വിവിധ സംഘടനകൾ

 ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 850 കടന്നു

 ഇസ്രയേലിന് നേരെ തുടർച്ചയായി ഇറാന്റെ മിസൈലാക്രമണം. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 4 പേർക്ക് പരിക്ക്


 യു.എസിന്റെ അൽ ദഫ്ര (യു.എ.ഇ), ഹരിർ (ഇറാക്ക്), അലി അൽ സലീം, ആരിഫ്ജാൻ (കുവൈറ്റ്), മിന സൽമാൻ പോർട്ട് (ബഹ്റൈൻ) ബേസുകളെ ലക്ഷ്യമിട്ട് ഇറാൻ. കുവൈറ്റിലെ അഹ്‌മ്മദ് അൽ ജാബർ എയർ ബേസിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 കുവൈറ്റ് സൈനികർക്ക് പരിക്ക്

 ഇറാക്കിലെ പൗരന്മാർ ഉടൻ ഒഴിയണമെന്ന് യു.എസിന്റെ മുന്നറിയിപ്പ്

 യു.എ.ഇ 4 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും തകർത്തു

 സൗദി അറേബ്യയിലെ റിയാദിന് മുകളിൽ 7 ഡ്രോണുകൾ തകർത്തു

 രാജ്യം മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ക്ഷാമം നേരിടുന്നെന്ന റിപ്പോർട്ട് ഇസ്രയേൽ തള്ളി


 ഇസ്രയേലിന് രഹസ്യ വിവരങ്ങൾ കൈമാറിയ 30ലേറെ പേർ ഇറാനിൽ അറസ്റ്റിലായി

 ഇറാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കരുതുന്ന 5 പേർ ബഹ്റൈനിൽ അറസ്റ്റിൽ. ആക്രമണത്തെ പറ്റി ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 6 പേരും പിടിയിൽ

 ഡ്രോൺ ആക്രമണം ചിത്രീകരിക്കാൻ ശ്രമിച്ച മൂന്ന് പേരെ കുവൈറ്റ് അറസ്റ്റ് ചെയ്തു

# ഡ്രോൺ ആക്രമണം:

പിന്നിൽ യു.എസ് എന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ യു.എസും ഇസ്രയേലുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. 'ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് വരുത്തിത്തീർത്ത് അറബ് രാജ്യങ്ങളുമായുള്ള തങ്ങളുടെ ബന്ധം തകർക്കുകയാണ് അവരുടെ ലക്ഷ്യം. ഇറാന്റെ ഷഹീദ് ഡ്രോണുകളുമായി സാമ്യമുള്ള ലൂക്കാസ് ഡ്രോണുകളെയാണ് യു.എസ് ഇതിനായി ഉപയോഗിക്കുന്നത്. ഡ്രോണുകളുടെ ഉറവിടം കണ്ടെത്താൻ അറബ് രാജ്യങ്ങൾ സംയുക്ത അന്വേഷണം ആരംഭിക്കണം' - അരാഗ്ചി കൂട്ടിച്ചേർത്തു.

# യുദ്ധത്തിന്റെ നിയന്ത്രണം ട്രംപിന്റെ കൈവിട്ടുപോയി. തിരിച്ചടിക്കാനുള്ള ഇറാന്റെ കഴിവിനെ ട്രംപ് വിലകുറച്ചു കണ്ടു. പശ്ചിമേഷ്യ കത്തുകയാണ്.

- ക്രിസ് മർഫി,

യു.എസ് സെനറ്റർ

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.