
ബെംഗളുരു : അഞ്ചാമത് ഇന്ത്യൻ ഓപ്പൺ ജമ്പ്സ് കോംപറ്റീഷനിൽ വനിതാ ലോംഗ്ജമ്പിൽ സ്വർണം നേടി ലക്ഷദ്വീപിൽ നിന്നുള്ള താരം മുബസിന മുഹമ്മദ്. ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിച്ച ബെംഗളുരുവിലെ അഞ്ജു ബോബി ജോർജ് ഫൗണ്ടേഷനിൽ പരിശീലിക്കുന്ന മിനിക്കോയ് ദ്വീപുകാരിയായ മുബസിന 6.38 മീറ്ററാണ് ചാടിയത്. റെയിൽവേയ്‌സിന്റെ ഭവാനിയാദവ് 6.27 മീറ്റർ ചാടി വെള്ളി നേടിയപ്പോൾ അഞ്ജു ബോബി ജോർജ് ഫൗണ്ടേഷനിലെ തന്നെ കുസുമ റവാഡ വെങ്കലം നേടി. ദൂരം 6.08 മീറ്റർ.
അണ്ടർ 20 പുരുഷ ലോംഗ്ജമ്പിൽ തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിലെ നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ പരിശീലിക്കുന്ന യുവ്‌രാജ് സ്വർണവും കേരളത്തെ പ്രതിനിധീകരിച്ചിറങ്ങിയ ധനുഷ് രാഷ് വെങ്കലവും നേടി. അണ്ടർ 18 പുരുഷ ലോംഗ്ജമ്പിൽ എൽ.എൻ.സി.പി.ഇയിലെ രാജീവ് റോയ്‌ക്കാണ് സ്വർണം. വനിതകളുടെ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ അലീന ടി.സജി വെള്ളി നേടി. അണ്ടർ 20 വനിതാ ലോംഗ്ജമ്പിൽ അഞ്ജു ബോബി ജോർജ് ഫൗണ്ടേഷനിലെ പ്രിയയ്ക്ക് വെള്ളി ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |