
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വേട്ടെടുപ്പിൽ നിന്ന് ബീഹാറിലെ കോൺഗ്രസ്, ആർ.ജെ.ഡി എം.എൽ.എമാരുടെ വിട്ടുനിൽക്കലും ഒഡീഷയിൽ പ്രതിപക്ഷത്തിന്റെ ക്രോസ് വോട്ടിംഗും എൻ.ഡി.എയ്‌ക്ക് അപ്രതീക്ഷിത നേട്ടമായി. ബീഹാറിൽ അഞ്ചു സീറ്റും എൻ.ഡി.എ ജയിച്ചു. ഒഡീഷയിൽ നാലിൽ മൂന്നിലും ബി.ജെ.പി ജയിച്ചു. ബീഹാർ (5), ഒഡീഷ (4),ഹരിയാന (2),എന്നിവിടങ്ങളിലായി 11 സീറ്റുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
വോട്ടെടുപ്പിന് തൊട്ടു മുൻപ് ബീഹാറിലെ കോൺഗ്രസ് എം.എൽ.എമാരായ സുരേന്ദ്ര പ്രസാദ് കുശ്‌വാഹ, മനോജ് ബിശ്വാസ്, മനോഹർ പ്രസാദ് സിംഗ് എന്നിവർ മൊബൈൽ ഫോൺ ഓഫ് ചെയ്‌ത് മുങ്ങി. ആർ.ജെ.ഡിയുടെ ഫൈസൽ അലിയും വോട്ടിട്ടില്ല. തുടർന്ന് ആർ.ജെ.ഡിയുടെ അമരേന്ദ്ര സിംഗ് ധാരി പരാജയപ്പെട്ടു. ബി.ജെ.പിയുടെ ശിവേഷ് കുമാറാണ് വിജയി.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ, മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ (44 വീതം വോട്ട്), ജെ.ഡി.യുവിന്റെ രാംനാഥ് താക്കൂർ, രാഷ്ട്രീയ ലോക് മോർച്ചയുടെ ഉപേന്ദ്ര ഖുശ്‌വാഹ (42 വീതം വോട്ടുകൾ) എന്നിവരെ ജയിപ്പിക്കാനുള്ള ഭൂരിപക്ഷം എൻ.ഡി.എയ്‌ക്കുണ്ടായിരുന്നു. അഞ്ചാമത്തെ സ്ഥാനാർത്ഥിയായ ശിവേഷ് കുമാറിന് 30 ഫസ്റ്റ്-പ്രിഫറൻസ് വോട്ടേ ലഭിച്ചുള്ളൂ. രണ്ടാം-പ്രിഫറൻസ് വോട്ടുകളുടെ സഹായത്തോടെയാണ് ജയമുറപ്പിച്ചത്.
ഒഡീഷയിൽ കോൺഗ്രസിന്റെ രമേശ് ജെന, ദശരഥി ഗൊമാംഗോ, സോഫിയ ഫിർദൗസ്, ബി.ജെ.ഡിയുടെ ദേവി രഞ്ജൻ ത്രിപാഠി, ചക്രമണി കൻഹാർ , ചൗവിക് ബിസ്വാൾ, സുഭാഷിണി ജെന, നബ കിഷോർ മല്ലിക് എന്നിവർ ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി ദിലീപ് റേയ്‌ക്കു ക്രോസ് വോട്ടു ചെയ്‌തു. ഇതേത്തുടർന്ന് ബി.ജെ.പി-ബി.ജെ.ഡി നേതാക്കൾ തമ്മിൽ തർക്കമുണ്ടായി. ദിലീപ് റേയ്‌ക്കു പുറമെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമൽ, സുജീത് കുമാർ, ബി.ജെ.ഡിയുടെ സന്തൃപ് മിശ്ര എന്നിവരാണ് ജയിച്ചത്.
ഹരിയാനയിൽ കോൺഗ്രസ്-
ബി.ജെ.പി തർക്കം
ഹരിയാനയിൽ കോൺഗ്രസ്-ബി.ജെ.പി തർക്കത്തെ തുടർന്ന് വോട്ടെണ്ണൽ തടസപ്പെട്ടു. ക്രോസ് വോട്ടിംഗ് തടയാൻ റിസോർട്ടിലേക്ക് മാറ്റിയ 37 കോൺഗ്രസ് എം.എൽ.എമാരെ ഇന്നലെ രാവിലെയാണ് പുറത്തിറക്കിയത്. രണ്ട് സീറ്റുകളിലേക്ക് കമർവീർ ബൗധ് (കോൺഗ്രസ്), സഞ്ജയ് ഭാട്ടിയ(ബി.ജെ.പി), സതീഷ് നന്ദൽ(സ്വതന്ത്രൻ) എന്നിവരാണ് സ്ഥാനാർത്ഥികൾ.
മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, ബീഹാർ, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 37 സീറ്റുകളിലേക്ക് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിൽ വിനോദ് താവഡെ (ബി.ജെ.പി), ശരദ് പവാർ (എൻ.സി.പി), അഭിഷേക് സിംഗ്‌വി (കോൺഗ്രസ്), തിരുച്ചി ശിവ (ഡി.എം.കെ) അടക്കം 26 നേതാക്കൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ജയം ഇങ്ങനെ
ബി.ജെ.പി 7, കോൺഗ്രസ് 5, തൃണമൂൽ 4, ഡി.എം.കെ 3, ശിവസേന, ആർ.പി.ഐ(എ), എൻ.സി.പി, എൻ.സി.പി(എസ്.പി), എ.ഐ.എ.ഡി.എം.കെ, പി.എം.കെ, യു.പി.പി.എൽ(ഒന്നു വീതം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |