
ന്യൂഡൽഹി: ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്ന ശിവാലിക് എന്ന കപ്പൽ ഇന്നലെ വൈകുന്നേരം ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. രണ്ടാമത്തെ കപ്പൽ നന്ദാ ദേവി ഇന്ന് പുലർച്ചെ ഗുജറാത്ത് തീരത്തെത്തും. രണ്ടു കപ്പലുകളിലായി 92,712 മെട്രിക് ടൺ എൽ.പി.ജിയുണ്ട്.
80,800 മെട്രിക് ടൺ ക്രൂഡ് ഒായിലുമായി യു.എ.ഇയിൽ നിന്ന് തിരിച്ച ഇന്ത്യൻ കപ്പൽ 'ജഗ് ലാഡ്കി' സുരക്ഷിതമായി നീങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. കപ്പലും ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. നിലവിൽ 22 ഇന്ത്യൻ ചരക്ക് കപ്പലുകൾ ഹോർമുസിന്റെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം, ഹോർമുസിൽ എണ്ണ ടാങ്കറുകളുടെ നീക്കം സുരക്ഷിതമാക്കാൻ നാവിക കപ്പലുകൾ വിന്യസിക്കുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഒരു ഉഭയകക്ഷി ചർച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന് ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണകൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങളോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഹോർമുസ് കടലിടുക്കിലെ എണ്ണടാങ്കർ നീക്കത്തെ ഇറാൻ തടയുന്നതുമായി ബന്ധപ്പെട്ട് ഒന്നിലധികം രാജ്യങ്ങൾ ഇടപെടുന്നുണ്ടെങ്കിലും, ഇന്ത്യ ചർച്ചയിലില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
എൽ.പി.ജി ഉത്പാദനം
36ശതമാനം കൂട്ടി
ക്ഷാമം നേരിടാൻ രാജ്യത്തെ എൽ.പി.ജി ഉത്പാദനത്തിൽ 36% വർദ്ധന വരുത്തി. അതേസമയം ഓൺലൈൻ എൽ.പി.ജി സിലിണ്ടർ ബുക്കിംഗ് 90%മായി വർദ്ധിച്ചു. പൈപ്പ് ഗ്യാസ് കണക്‌ഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഗാർഹിക ഉപഭോക്താക്കൾക്കുള്ള 500 രൂപ രജിസ്ട്രേഷൻ നിരക്കും ഡെപ്പോസിറ്റും ഒഴിവാക്കി.
2,20,000 ഇന്ത്യക്കാർ മടങ്ങി
ഫെബ്രുവരി 28 മുതൽ 2,20,000ത്തോളം ഇന്ത്യക്കാർ പശ്ചിമേഷ്യയിൽ നിന്നും ഗൾഫ് മേഖലയിൽ നിന്നും മടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പ്രവർത്തനക്ഷമമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |