
ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ പുതിയ ചിത്രം പങ്കുവച്ച് പ്രധാനമാന്ത്രിയുടെ ഓഫീസ്. ഇന്നലെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇറാൻ നേതൃത്വത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സൈനിക നടപടിക്ക് നേതൃത്വം നൽകുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ ചിത്രമാണ്
പങ്കുവച്ചത്. നെതന്യാഹുവിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് നാടകീയമായ ഈ നീക്കം.
ഇറാന്റെ ആക്രമണങ്ങളിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരനിലയിലാകുകയോ ചെയ്തതായി സൂചിപ്പിക്കുന്ന, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉൾപ്പെടെയുള്ള ഓൺലൈൻ ഊഹാപോഹങ്ങൾക്കിടയിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇസ്രയേലും സ്വതന്ത്ര പരിശോധകരും ഈ അഭ്യൂഹങ്ങൾ നിഷേധിക്കുകയും പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
എ.ഐയെന്നും ഡീപ്പ് ഫേക്കെന്നും പ്രചരണം
കഴിഞ്ഞ ആഴ്ച പുറത്തുവന്ന വീഡിയോയിൽ നെതന്യാഹുവിന്റെ കൈയിൽ ആറ് വിരലുകൾ ഉണ്ടെന്ന തരത്തിലെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. നെതന്യാഹുവിന് പകരം അദ്ദേഹവുമായി സാദൃശ്യമുള്ള അപരനെ ഉപയോഗിച്ച് നിർമ്മിച്ച എ.ഐ വീഡിയോയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
അതിന് ജെറുസലേമിലെ കഫേയിൽ കോഫി കുടിക്കുന്നതിന്റെ വീഡിയോ ഞായറാഴ്ച പോസ്റ്റ് ചെയ്തായിരുന്നു നെതന്യാഹുവിന്റെ മറുപടി.എന്നാൽ വീഡിയോ ഡീപ്പ് ഫേക്കാണെന്ന ആരോപണം ഉയർന്നു. ഇതോടെ നെതന്യാഹുവിന്റെ സന്ദർശന ഫോട്ടോകൾ കഫേ അധികൃതരും പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം ജെറുസലേമിൽ സാധാരണക്കാരും സൈനികരുമായും നെതന്യാഹു സംസാരിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ, ആ വീഡിയോയിലെയും കഫേ സന്ദർശനത്തിന്റെയും നെതന്യാഹു ഒരേ വസ്ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്. അതിനാൽ രണ്ടു വീഡിയോകളും ഒരേ ദിവസം ചിത്രീകരിച്ചതാണോ എന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ പുതിയ ചർച്ച. അതിന് അന്ത്യംകുറിക്കാനാണ് പുതിയ ചിത്രം പ്രധാനമാന്ത്രിയുടെ ഓഫീസ് പങ്കുവച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |