
ഒട്ടും ഇഷ്‌ടമല്ലെങ്കിലും ജോലി വിടാൻ തയ്യാറല്ല, ലോകമാകെ അമ്പരപ്പിക്കുന്ന ഒരു പുതിയ ട്രെൻഡ് ആണ് കുറച്ച് നാളുകളായി നിലനിൽക്കുന്നത്. ഒരേ ജോലിയിൽ തന്നെ തുടർച്ചയായി തുടരുന്നതാണ് ഇപ്പോൾ ട്രെൻഡ്. ഇഷ്‌ടമല്ലാത്ത ജോലി വിട്ട് ദിവസങ്ങൾക്കകം അടുത്ത ജോലിയിൽ കടന്നിരുന്ന കാലമൊക്കെ മാറിയോ എന്ന് സംശയിക്കണം. തീരെ ഇഷ്‌ടമല്ലെങ്കിലും ജോലിയുടെ സ്‌ട്രെസ് വളരെയധികമാണെങ്കിലും ജോലി വിടാതെ പിടിച്ചുനിൽക്കുന്ന ഈ ട്രെൻഡിന് 'ജോബ് ഹഗ്ഗിംങ്' എന്നാണ് പേര്. ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്ക് ഒരു തുണയായി മാത്രം ജോലിയെ കാണുന്നരീതിയാണിത്. ഇങ്ങനെ തുടരുന്നവർക്ക് ജോലിയോട് വലിയ ആത്മാർത്ഥത ഉണ്ടാകണമെന്നില്ല.
കൊവിഡ് കാലം കഴിഞ്ഞ് തൊഴിൽ മേഖലയിലുണ്ടായ വലിയ മുന്നേറ്റത്തിന് ശേഷം ഉണ്ടായ ഈ ട്രെൻഡ് അന്നത്തേതിന് നേരെ വിപരീതമായ സാഹചര്യത്തിന്റെ സൃഷ്‌ടിയാണ്. പുതിയ തൊഴിൽ വളരെ പ്രതീക്ഷയുടെയും കരിയർ വളർച്ചയുടെയും പ്രതീക്ഷ നൽകുന്നതായിരുന്നുവെങ്കിൽ ഇപ്പോൾ പലരും അത് ജീവിതപ്രാരാബ്‌ദങ്ങളിൽ നിന്നും രക്ഷനേടാനുള്ള ഒരു തുരുത്തായാണ് കാണുന്നത്.
ആഗോള സാമ്പത്തിക വിപണിയും തൊഴിൽ മാർക്കറ്റിലെ മാറ്റങ്ങളുമാണ് ഇത്തരത്തിൽ പ്രതീക്ഷിക്കാത്തൊരു ട്രെൻഡ് ഉണ്ടാകാൻ കാരണം. കൊവിഡിന് ശേഷമുള്ള ആദ്യ മാസങ്ങളെ ഒഴിച്ചുനിർത്തിയാൽ 2013ന് ശേഷമുള്ള ഏറ്റവും കുറവ് ജോലി അഭിമുഖങ്ങൾ നടന്നത് ഇപ്പോഴാണെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.
സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വത്തെക്കുറിച്ച് ഇപ്പോൾ ജോലിനോക്കുന്നവർ ബോധവാന്മാരാണ്. അതിനാൽ തന്നെ തൊഴിൽവളർച്ചയ്‌ക്ക് സഹായിക്കുമെന്ന് തോന്നിയാലും മറ്റൊരു തൊഴിലിലേക്ക് പോകാതെ നിലവിലെ ജോലിയിൽ തന്നെ കടിച്ചുതൂങ്ങാൻ അത്‌പലരെയും പ്രേരിപ്പിക്കുന്നു.
പുതുതായി നിലവിൽവരുന്ന ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ വളർച്ച തൊഴിൽനഷ്‌ടമുണ്ടാക്കും എന്ന ഭയത്താൽ നിലവിലെ ജോലി ഉപേക്ഷിക്കാൻ ആളുകൾ തയ്യാറാകുന്നില്ല. പല കമ്പനികളും മിക്ക ജോലിക്കും എഐയെ ആശ്രയിക്കുന്നത് കണ്ടാണിത്. അമേരിക്കയിലെ തൊഴിൽ നിയമനങ്ങൾ കഴിഞ്ഞ കുറച്ചുനാളായി വളരെ കുറവാണ്. 2025 ഓഗസ്റ്റിൽ ഇത് വെറും 22,000 ആയിരുന്നു. എഐ കാരണം ജോലി നഷ്‌ടമാകുമെന്ന് 71 ശതമാനം പേരും കരുതുന്നു.
ജോബ് ഹഗ്ഗിംഗ് വളരെ സുരക്ഷിതമാണെന്ന് തോന്നുമെങ്കിലും കാലക്രമേണ അത് വളരെ ബുദ്ധിമുട്ടേറിയതാകും. കാരണം ഇഷ്‌ടമല്ലാത്ത ഒരു ജോലിയിൽ തുടരുന്നവർക്ക് കാലക്രമേണ ജോലിയിൽ സ്‌തംഭനം സംഭവിക്കും. തങ്ങളുടെ അഭിരുചിയ്‌ക്കും കഴിവുകൾക്കും പൊരുത്തപ്പെടാത്ത ഇടങ്ങളിൽ കുടുങ്ങിപ്പോയി എന്ന് ജോലിക്കാർക്ക് തോന്നാം. ഇത്തരം ആളുകൾ നിറഞ്ഞ തൊഴിലിടങ്ങളിൽ സ്ഥാപനത്തിന് അഭിവൃത്തിയുണ്ടാകില്ല എന്ന വെല്ലുവിളിയുണ്ട്.
ജോലിയിലെ സ്‌ട്രെസ് മാറ്റാൻ വേണ്ട നടപടികളും ഡ്യൂട്ടി റൊട്ടേഷനുമെല്ലാം നടത്തിയാൽ തൊഴിൽ സ്ഥാപനത്തിന് ജോലിക്കാരുടെ തൊഴിലിലെ പ്രശ്‌നങ്ങൾ അകറ്റാൻ സാധിക്കും. മേഖലയിലെ ഉപദേശകരും സുഹൃത്തുക്കളുമായി നല്ലബന്ധം കാത്തുസൂക്ഷിക്കുന്നത് തൊഴിലിലെ പ്രശ്‌നങ്ങൾ മാറാൻ സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |