എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്
ന്യൂഡൽഹി: ഒറ്റപ്പേരുകളിലെത്താൻ കഴിയാതെ രാത്രി വൈകിയും ഡൽഹിയിൽ മാരത്തോൺ ചർച്ച തുടർന്നതിനാൽ ഇന്നലെ പ്രതീക്ഷിച്ച കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക വന്നില്ല. എം.പിമാരായ കെ.സുധാകരനും അടൂർ പ്രകാശിനും മത്സരിക്കാൻ ഇളവു നൽകേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. തർക്കം പരിഹരിച്ച് ഇന്ന് പട്ടിക പുറത്തിറക്കിയേക്കും.
കെ.സുധാകരന്റെ സമ്മർദ്ദവും ഒറ്റപ്പേരിലെത്താത്ത മണ്ഡലങ്ങളിലെ തർക്കവും കാരണം ഇന്ദിരാഭവനിൽ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി(സി.ഇ.സി) യോഗത്തിൽ തീരുമാനമായില്ല. തർക്കങ്ങളിൽ രാഹുൽ ഗാന്ധി അതൃപ്‌തി രേഖപ്പെടുത്തിയതോടെ രാത്രി അദ്ധ്യക്ഷൻ മല്ലികാർജ്ജുനയുടെ വസതിയിലേക്ക് ചർച്ചാ വേദി മാറി. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി, മറ്റ് സി.ഇ.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കണ്ണൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരൻ എംപിയെ അനുനയിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. മത്സരിക്കുന്നതിന്റെ മുന്നോടിയായി സുധാകരൻ കേരളാ ഹൗസിൽ നിന്ന് ബാധ്യതാ രഹിത സർട്ടിഫിക്കറ്റും വാങ്ങി. സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് ഹൈക്കമാൻഡ് നിലപാട്.
ചൊവ്വാഴ്‌ച സിറ്റിംഗ് എം.എൽ.എമാർ അടക്കം 55 പേരുടെ പട്ടിക പുറത്തുവിട്ടിരുന്നു. കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റിൽ മൂന്ന് സ്വതന്ത്രരെ പിന്തുണയ്‌ക്കുന്നവ ഒഴികെ 37 സീറ്റുകളാണ് ബാക്കിയുള്ളത്.
പെരുമ്പാവൂരിൽ കുറഞ്ഞത് 10,000 വോട്ടിന് ജയിക്കാനുള്ള പിന്തുണയുണ്ടെന്ന് ലൈംഗികാരോപണമുയർന്ന സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളി കെ.സി. വേണുഗോപാലിനെ കണ്ട് ബോധ്യപ്പെടുത്തി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പട്ടികയിൽ പെരുമ്പാവൂർ ഒഴിച്ചിട്ടിരുന്നു. എൽദോസിനെ മാറ്റിയാൽ പകരം മനോജ് മൂത്തേടൻ, ഉല്ലാസ് തോമസ് എന്നിവരിലൊരാളെ പരിഗണിക്കും.
എറണാകുളത്ത് സ്ഥാനാർത്ഥിത്വമുറപ്പിച്ച് പോസ്റ്റർ അടിച്ച ദീപ്‌തി മേരി വർഗീസിനായി കെ.സി. വേണുഗോപാലും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വാദിച്ചു. ഇടുക്കി സീറ്റിന്റെ പേരിലും തർക്കമുണ്ടായി.
ബി.ജെ.പിയിൽ നിന്നുവന്ന സന്ദീപ് വാര്യരെ തൃക്കരിപ്പൂരിൽ പരിഗണിച്ചേക്കും. ചെങ്ങന്നൂരിൽ രമേശ് ചെന്നിത്തലയുടെ നോമിനിയായ ബാബു പ്രസാദിനാണ് സാദ്ധ്യത. മറ്റ് സാദ്ധ്യതകൾ: നേമം–ശബരീനാഥ്,കഴക്കൂട്ടം–ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര–ശക്തൻ നാടാർ, പാറശാല– നെയ്യാറ്റിൻകര സനൽ, വർക്കല-വർക്കല കഹാർ, വാമനപുരം-പാലോട് രവി നെടുമങ്ങാട് -മീനാങ്കൽ കുമാർ, അരുവിക്കര-ശിവകുമാർ, കാട്ടാക്കട-എം ആർ ബൈജു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |