
കരിയറിൽ 900 ഗോൾ തികച്ച് ലയണൽ മെസി
ഏറ്റവും കുറച്ച് മത്സരങ്ങളിൽ ഈ നേട്ടത്തിലെത്തുന്ന താരം
ന്യൂയോർക്ക് : കരിയറിൽ 900 ഗോളുകൾ എന്ന മാന്ത്രിക സംഖ്യയിലെത്തി അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി. കഴിഞ്ഞരാത്രി അമേരിക്കൻ ക്ളബ് ഇന്റർ മയാമിക്ക് വേണ്ടി കോൺകകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ നാഷ്‌വിലെ എസ്.സിക്ക് എതിരെ ഗോൾ നേടിയാണ് മെസി ഈ നേട്ടത്തിലെത്തിയത്. എന്നാൽ മെസി ഗോൾ നേടിയിട്ടും മത്സരം 1-1ന് സമനിലയിലായതിനാൽ ഇന്റർ മയാമി ചാമ്പ്യൻസ് കപ്പിൽ നിന്ന് പുറത്തായി.
കരിയറിൽ 900 ഗോളുകളിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് മെസി. സമകാലീനനായ പോർച്ചുഗീസ് പ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. എന്നാൽ ക്രിസ്റ്റ്യാനോയെക്കാൾ കുറച്ചു മത്സരങ്ങൾ മാത്രമാണ് മെസിക്ക് ഈ നേട്ടത്തിലെത്താൻ വേണ്ടിവന്നത്.
1142 മത്സരങ്ങളിൽ നിന്നാണ് മെസി 900 ഗോളുകൾ തികച്ചത്. ക്രിസ്റ്റ്യാനോ തന്റെ 1296-ാമത്തെ മത്സരത്തിലാണ് ഈ നേട്ടത്തിലെത്തിയത്.
765 ഗോളുകളുമായി ബ്രസീലിയൻ ഇതിഹാസം പെലെയാണ് ക്രിസ്റ്റ്യാനോയ്ക്കും മെസിക്കും പിന്നിലുള്ളത്. നാലാം സ്ഥാനം പോളണ്ടിന്റെ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്കാണ്; 690 ഗോളുകൾ.
2004ൽ സ്പാനിഷ് ക്ളബ് ബാഴ്സണോണയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയ മെസി അവർക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്; 672 എണ്ണം. 32 ഗോളുകൾ പാരീസ് എസ്.ജിക്കും 81 ഗോളുകൾ ഇന്റർ മിയാമിക്കും വേണ്ടി നേടി.
115 ഗോളുകളാണ് അർജന്റീന ടീമിന് വേണ്ടി മെസി നേടിയത്.
91
ഒരു വർഷം ഏറ്റവും കൂടുതൽ ഗോളുകളടിച്ച റെക്കാഡ് മെസിയുടെ പേരിലാണ്. 2012ൽ രാജ്യത്തിനും ക്ളബിനും വേണ്ടി നേടിയത് 91 ഗോളുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |