അടൂർ : നിയമ സഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ ഈക്കുറി മത്സരം തീപാറും. കൂട്ടിയും കിഴിച്ചും മുന്നണികൾ പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കാൽലക്ഷം വോട്ടുവിഹിതം ഒരു പതിറ്റാണ്ടായി എൻ.ഡി.എ യ്ക്ക് ലഭിക്കുന്ന മണ്ഡലമാണ് അടൂർ. 2016ൽ അഡ്വ.പി സുധീർ സ്ഥാനാർത്ഥിയായി എത്തിയപ്പോഴാണ് എൻ.ഡി.എ വോട്ട് അഞ്ചക്കം കടന്ന് 25,940 ആയി കുതിച്ചു കയറിയത്. 2019 ലെ ലോക്‌സഭ തിരഞ്ഞടുപ്പിൽ കെ.സുരേന്ദ്രന് അടൂർ മണ്ഡലത്തിൽ 51, 260 വോട്ട് ലഭിച്ചത് മുതൽ സംസ്ഥാന തലത്തിൽ എൻ.ഡി.എ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്ന മണ്ഡലം കൂടിയാണിത് .അതിനു ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് 23,980 യി കുറഞ്ഞെങ്കിലും ട്രെൻഡുണ്ടെങ്കിൽ ബാലികേറാമലയല്ല അടൂരെന്ന് എൻ.ഡി.എ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അടൂരിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സസ്പെൻസ് എൻ.ഡി.എയിൽ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് സ്ഥാനാർത്ഥിയായി വരുമെന്നുള്ള വാർത്ത സജീവമാണ്. ആശാനാഥില്ലെങ്കിൽ അടുത്ത സാദ്ധ്യത രൂപേഷ് അടൂരിനാകും. അടൂർ നഗരസഭ കൗൺസിലർ എന്ന നിലയിലും പ്രദേശവാസി എന്ന നിലയിലുമുള്ള പരിഗണന രൂപേഷിന് ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കല്ലേലി ശാന്തകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും എന്ന് അഭ്യൂഹങ്ങൾ പരന്നതോടെ സഹോദരനും ബി.ജെ.പി ജില്ല സെക്രട്ടറിയുമായ സലിം കുമാർ കല്ലേലി മത്സരരംഗത്ത് വരാനുള്ള സാദ്ധ്യത കുറവാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. പന്തളം പ്രതാപൻ അടൂരിൽ മത്സരിക്കാൻ തയാറല്ലെന്നാണ് ലഭ്യമായ വിവരം. സംഗീതമേഖലയിൽ നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ കർണാടക സംഗീതജ്ഞനും ബി.ജെ.പി ഇന്റെലെക്ട്വൽ സെൽ ജില്ലാ കൺവീനറുമായ ഡോ. അടൂർ പി സുദർശൻ എൻ.ഡി.എ സ്ഥാനാർത്ഥി പട്ടികയിലെ പുതുമുഖമാണ്. മണ്ഡലത്തിൽ പന്തളത്തെ തിരിച്ചടി ഒഴിച്ച് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം എൻ.ഡി.എ ക്യാമ്പിനുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല .കൂടാതെ പന്തളം തെക്കേക്കര ഭരണവും എൻ.ഡി.എ യ്ക്കാണ്. പള്ളിക്കൽ പഞ്ചായത്തിൽആറു വാർഡുകളിൽ ജയം നേടി യു.ഡി എഫിനൊപ്പം മുഖ്യപ്രതിപക്ഷമാണ് എൻ.ഡി.എ കൊടുമണ്ണിൽ ഇത്തവണ ഒരു വാർഡിൽ ജയം നേടാനും എൻ.ഡി.എ യ്ക്ക് സാധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |