SignIn
Kerala Kaumudi Online
Saturday, 25 April 2026 4.58 AM IST

എംപിമാര്‍ മത്സരരംഗത്തില്ല, 19 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് അവസരം, വെല്ലുവിളി വിമത ഭീഷണി; 101ാം മണിക്കൂറില്‍ പട്ടിക പൂര്‍ണം

Increase Font Size Decrease Font Size Print Page
congress

ന്യൂഡല്‍ഹി/ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെന്ന വാക്ക് വെറുവാക്കായി. നീണ്ട തര്‍ക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ 101ാം മണിക്കൂറില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമായി. സിറ്റിംഗ് എംപിമാര്‍ ആരും തന്നെയില്ലാതെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തിനിറങ്ങുന്നത്. കെ സുധാകരനും അടൂര്‍ പ്രകാശും കണ്ണൂരിനും കോന്നിക്കും വേണ്ടി പോരാടിയെങ്കിലും ഒടുവില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വഴങ്ങി.

സുധാകരന്റെ വാശി പാര്‍ട്ടിയെ പിളര്‍ത്തുമെന്ന ഭീഷണിയിലേക്ക് വരെ എത്തിയപ്പോള്‍ കോണ്‍ഗ്രസ് ആടിയുലഞ്ഞു. പാതിരാത്രിയോളം നീണ്ട അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ശേഷം എംപിമാരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനായത് കോണ്‍ഗ്രസ് നേതൃത്വത്തിന് തല്‍ക്കാലത്തേക്കെങ്കിലും ആശ്വാസം സമ്മാനിക്കും. ഇപ്പോള്‍ പാര്‍ട്ടിക്ക് വിധേയനെന്ന് പുറമേപറയുന്നുവെങ്കിലും തന്റെ വാക്കിന് വില കല്‍പ്പിക്കാതെ ഒതുക്കിയ സംസ്ഥാന നേതൃത്വത്തോട് സുധാകരന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടിവരും.

സിറ്റിംഗ് എംഎല്‍എമാരില്‍ രണ്ട് പേര്‍ക്കൊഴികെ എല്ലാവര്‍ക്കും വീണ്ടും അവസരം നല്‍കിയാണ് പട്ടിക പൂര്‍ത്തിയാക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍, പെരുമ്പാവൂരിലെ എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ മാത്രമാണ് വീണ്ടും അവസരം കിട്ടാത്തവര്‍. രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, എന്നാല്‍ എല്‍ദോസ് കലാപക്കൊടി ഉയര്‍ത്തി രംഗത്തുണ്ട്. എന്ത് ചെയ്യണമെന്ന് പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് പട്ടിക പുറത്ത് വന്നപ്പോഴുള്ള ആദ്യ പ്രതികരണം.

പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും ഘടകകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകളിലും വിമത ഭീഷണി ശക്തമാണ്. എല്‍ഡിഎഫ് വിട്ട് വന്നവര്‍ക്ക് സീറ്റ് നല്‍കിയിട്ടും പാര്‍ട്ടിക്കാരെ പരിഗണിക്കാത്തതില്‍ പലയിടത്തും മുറുമുറുപ്പുണ്ട്. ഇത് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ എത്തരത്തില്‍ ബാധിക്കുമെന്നത് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചേക്കും. പട്ടിക പൂര്‍ത്തിയാകുമ്പോള്‍ സാമുദായിക സമവാക്യങ്ങള്‍ പാലിക്കപ്പെട്ടുവെന്നത് നേതൃത്വത്തിന് ആശ്വാസം നല്‍കുന്നുണ്ട്.

കൊച്ചിയില്‍ മേയറാക്കമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല, മാസങ്ങള്‍ക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ പാര്‍ട്ടിയുടെ ഷുവര്‍ സീറ്റില്‍ ഒന്നില്‍ സ്ഥാനാര്‍ത്ഥിത്വം എന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. പുറമേ പാര്‍ട്ടിക്ക് വിധേയയെന്ന് പറയുന്ന ദീപ്തി മേരി വര്‍ഗീസിന് പാര്‍ട്ടി പദവികളിലാണ് ഇനി പ്രതീക്ഷയുള്ളത്. പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന് നേരിടേണ്ടത് പ്രചാരണത്തിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കിയ ഇടത് സ്ഥാനാര്‍ത്ഥികളേയാണ്.

TAGS: ELECTIONS 2026, CONGRESS, CANDIDATE LIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.