
പവന് 5,200 രൂപ ഇടിഞ്ഞു
കൊച്ചി: ക്രൂഡോയിൽ വിപണിയിലെ അനിശ്ചിതത്വം നാണയപ്പെരുപ്പം രൂക്ഷമാക്കുമെന്ന അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാന്റെ വിലയിരുത്തലിൽ ആഗോള വിപണിയിൽ സ്വർണ വില തകർന്നടിയുന്നു. ഇന്നലെ മാത്രം ആഗോള വിപണിയിൽ സ്വർണ വില ഔൺസിന്(31.1 ഗ്രാം) 300 ഡോളറിനടുത്ത് ഇടിഞ്ഞ് 4,560 ഡോളർ വരെ താഴ്ന്നു. കേരളത്തിൽ പവൻ വില 5,200 രൂപ ഇടിഞ്ഞ് 1,10,200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 650 രൂപ കുറഞ്ഞു. ഇന്നലെ മൂന്ന് തവണയാണ് വില കുറഞ്ഞത്.
പലിശ നിരക്കിൽ തിരക്കിട്ട് മാറ്റം വരുത്തില്ലെന്ന് ജെറോം പവൽ വ്യക്തമാക്കിയിരുന്നു. ഇതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പണം ഡോളർ, ക്രൂഡോയിൽ എന്നിവയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനിടെ സ്വർണ വില ഔൺസിന് 400 ഡോളറണ് ഇടിഞ്ഞത്. സ്വർണ വിലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നലെയുണ്ടായത്.
വെള്ളിയ്ക്കും അടിതെറ്റി
നിക്ഷേപകർ വിൽപ്പന ശക്തമാക്കിയതോടെ വെള്ളി വിലയും ഇന്നലെ മൂക്കുകുത്തി. മൾട്ടി കമ്മോഡിറ്റി എക്സ്‌ചേഞ്ചിൽ വെള്ളി വില കിലോഗ്രാമിന് 25,500 രൂപ ഇടിഞ്ഞ് 2.22 ലക്ഷം രൂപയായി. നടപ്പുവർഷം ഇതുവരെ വെള്ളി വിലയിൽ 23 ശതമാനം ഇടിവാണുണ്ടായത്. കേരളത്തിൽ ഇന്നലെ വെള്ളി വില കിലോഗ്രാമിന് 2.6 ലക്ഷം രൂപയിലേക്ക് താഴ്ന്നു.
വിപണിക്ക് തിരിച്ചടിയാകുന്നത്
1. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ സ്വർണത്തിന് പ്രിയം കുറയുന്നു
2. പശ്ചിമേഷ്യയിലെ യുദ്ധത്തിലെ അനിശ്ചിതത്വം കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകൾ സ്വർണം വിറ്റ് ഡോളർ വാങ്ങുന്നു
3. അമേരിക്കയിൽ പലിശ കുറയാൻ സാദ്ധ്യത മങ്ങിയതോടെ ആഗോള ഫണ്ടുകൾ സ്വർണം വിറ്റ് ക്രൂഡോയിലേക്ക് മാറുന്നു
സ്വർണ വില സിംഗപ്പൂർ വിപണി(ഔൺസിന്)
4,530 ഡോളർ
പവൻ വില
1,10,400 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |